ഷൊര്‍ണൂര്‍: ജീവിതപ്രയാസങ്ങളില്‍നിന്ന് രക്ഷതേടി ആണ്‍വേഷം കെട്ടി ജോലിക്കിറങ്ങിയ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം. മനംമടുത്ത് ജീവനൊടുക്കാന്‍ തീരുമാനിച്ച കുട്ടിക്ക് രക്ഷയായി റെയില്‍വേ പോലീസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തു.
|
ജൂണ്‍ രണ്ടിന് വയനാട്ടില്‍നിന്നാണ് സംഭവങ്ങളുടെ തുടക്കം. ജീവിതപ്രയാസങ്ങളില്‍നിന്ന് രക്ഷതേടി ആണ്‍സുഹൃത്തിനൊപ്പം ആണ്‍വേഷം കെട്ടി ജോലിക്കിറങ്ങിയതാണ് പെണ്‍കുട്ടി. സനോജിനൊപ്പം ക്ലീനറായി മിനിലോറിയില്‍ പുറപ്പെട്ട് കോഴിക്കോട്ട് വന്നു.
അവിടെ ലോഡ്ജില്‍വെച്ച് സനോജ് ലൈംഗിക പീഡനത്തിന് ശ്രമിച്ചു. രക്ഷപ്പെട്ട് ഇറങ്ങിയോടിയ പെണ്‍കുട്ടി സനോജുമായി വീണ്ടും കണ്ടുമുട്ടി പ്രശ്‌നം പരിഹരിച്ച് യാത്ര തുടര്‍ന്നു. എന്നാല്‍, ലോറി കോട്ടയത്തെത്തിയപ്പോള്‍ വീണ്ടും പ്രതി അതിക്രമത്തിന് മുതിരുകയായിരുന്നു. പിന്നീട് രക്ഷപ്പെട്ട് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വഴി ട്രെയിനില്‍ കയറി ഷൊര്‍ണൂരില്‍ എത്തുകയായിരുന്നു.
ട്രെയിനിന്റെ വാതില്‍പ്പടിയില്‍ കുട്ടിയുടെ അസ്വാഭാവികമായ യാത്ര ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരനാണ് സംഭവങ്ങളുടെ ചുരുളഴിച്ചതെന്ന് റെയില്‍വേ പൊലീസ് പറയുന്നു. ആണ്‍കുട്ടിയുടെ വേഷത്തിലായിരുന്നു പെണ്‍കുട്ടി. തിരിച്ചറിയല്‍ രേഖയുള്‍പ്പെടെ കാണിച്ചപ്പോഴാണ് പെണ്‍കുട്ടിയാണെന്ന് മനസ്സിലായത്.
ജീവിതപ്രയാസങ്ങളില്‍നിന്ന് രക്ഷതേടിയാണ് ആണ്‍വേഷം കെട്ടിയതെന്ന് പൊലീസിനോട് പറഞ്ഞു. മാനസികരോഗിയായ അമ്മ മാത്രമാണുള്ളത്. അമ്മയുടെ സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും അവിടെ ജീവിതം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെ ആണ്‍വേഷത്തില്‍ തൊഴില്‍തേടിയിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയിപ്പോള്‍ ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ്. കേസ് വയനാട് മീനങ്ങാടി പൊലീസിന് കൈമാറി. അന്വേഷണം പുരോഗമിക്കുന്നു.


