18
Dec 2024
Tue
18 Dec 2024 Tue
gaza children killed

2023 ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രായേലിന്റെ അധിനിവേശത്തിന് ശേഷം ഗസയില്‍ പിറന്നു വീണ 180 കുഞ്ഞുങ്ങള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.(Over 800 children killed in Gaza before their first birthday; heavy rains worsen misery)  ഒന്നാം ജന്മദിനം ആഘോഷിക്കും മുമ്പ് ഗസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 800 കവിഞ്ഞതായും ഗസാ ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ നടത്തുന്ന കണ്ണില്‍ ചോരയില്ലാത്ത ആക്രമണത്തില്‍ ഏറ്റവും വലിയ ദുരിതമനുഭവിക്കുന്നത് കുഞ്ഞുങ്ങളാണ്. ഗസയില്‍ ഇതുവരെ 17,000ലേറെ കുട്ടികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍.
തുളവീണ ടെന്റുകളിലാണ് അഭയാര്‍ത്ഥികളാക്കപ്പെട്ട ഫലസ്തീനികള്‍ കഴിഞ്ഞ 14 മാസമായി കഴിയുന്നത്. കൊടും തണുപ്പില്‍ മരവിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഏഴ് ആയി. ഇതോടെ അമ്മമാര്‍ക്കിടയില്‍ ഭീതി പരന്നിട്ടുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങളെ ഏത് വിധേനയും തണുപ്പില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണവര്‍.

ചൂട് വസ്ത്രങ്ങള്‍ക്കും ടെന്റിനും സന്നദ്ധ സംഘടനകളെയാണ് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. എന്നാല്‍, മാസങ്ങളായി ഈ സഹായങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഭൂരിഭാഗം കുട്ടികളും ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അതുകൊണ്ട് തണുപ്പിനെ താങ്ങാനാവാത്ത അവസ്ഥയിലാണ് അവര്‍.

ഗസയില്‍ വെള്ളപ്പൊക്കം
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പെരുമഴ ഗസയില്‍ പല ഭാഗത്തും വെള്ളപ്പൊക്കത്തിനിടയാക്കി. ഇതോടെ ടെന്റുകളില്‍ കഴിയുന്നവര്‍ കൊടും ദുരിതത്തിലായി. ഇന്നും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ തണുപ്പിന്റെ കാഠിന്യം കൂടും. നാളെ വൈകുന്നേരത്തോടെ മഴയ്ക്ക് ശമനമുണ്ടാവുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.