15
Jan 2025
Tue
15 Jan 2025 Tue
Thodiyoor Muhammed Kunju Moulavi

മുസ്ലിം സമുദായ സംഘടനകള്‍ പരസ്പരം തീവ്രവാദ ആരോപണം നടത്തുന്നതിനെതിരേ ശക്തമായ പ്രതികരണവുമായി ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി.(Thodiyoor Muhammed Kunju Moulavi interview)  സ്ഥാപിത താല്‍പര്യങ്ങളുടെ പേരില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട പ്രസ്ഥാനങ്ങളില്‍ തീവ്രവാദം ആരോപിക്കുകയും ഫാഷിസത്തിന് വെട്ടാന്‍ പാകത്തിന് തലപിടിച്ചുകൊടുക്കുകയും ചെയ്യുന്നവരെ മുസ്‌ലിം സമുദായം ഒന്നടങ്കം മാനസികമായി പടിക്കുപുറത്ത് നിര്‍ത്തണമെന്ന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ഞങ്ങളുടെ പ്രസ്ഥാനത്തിന് രാഷ്ട്രീയ ആഭിമുഖ്യമില്ല. എല്ലാ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരമാണ് സൂക്ഷിച്ചുപോരുന്നത്. അതേസമയം, മുസ്‌ലിം സമുദായത്തിലെ ഏതെങ്കിലും സംഘടനകളെ ഭീകരവാദികളെന്നും അപകടകാരികളെന്നും ചാപ്പകുത്തി ഒറ്റപ്പെടുത്തുന്ന സമീപനം ആര് നടത്തിയാലും അതംഗീകരിച്ചു കൊടുക്കാനാവില്ല”- തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടനയെയും നിയമവാഴ്ചയെയും ദേശീയതയെയും അഖണ്ഡതയെയും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനവും മുസ്‌ലിം സമുദായത്തില്‍ കേരളത്തിലോ നമ്മള്‍ അറിയുന്ന മറ്റു പ്രദേശങ്ങളിലോ ഇല്ല എന്നതാണ് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമയുടെ നിലപാട്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെയും ഒപ്പം നില്‍ക്കാത്തവരെയും തീവ്രവാദികളാക്കി ആര്‍.എസ്.എസിന്റെ സ്വരത്തില്‍ സി.പി.എംപോലുള്ള സംഘടനകള്‍ സംസാരിക്കുന്നത് ശരിയല്ല.

സ്ഥാപിത താല്‍പര്യങ്ങളുടെ പേരില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട പ്രസ്ഥാനങ്ങളില്‍ തീവ്രവാദം ആരോപിക്കുകയും ഫാഷിസത്തിന് വെട്ടാന്‍ പാകത്തിന് നമ്മുടെ തലപിടിച്ചുകൊടുക്കുകയും ചെയ്യുന്നവരെ മുസ്‌ലിം സമുദായം ഒന്നടങ്കം മാനസികമായി പടിക്കുപുറത്ത് നിര്‍ത്തണം എന്നതാണ് സംഘടനയുടെ അചഞ്ചല നിലപാട്.

അത് പ്രസ്ഥാനം പരസ്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്. തങ്ങള്‍ക്ക് ആഭിമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രീതിയും കൈയടിയും നേടാന്‍ വേണ്ടി മുസ്‌ലിം സമുദായ സംഘടനകള്‍ക്കുമേല്‍ വര്‍ഗീയത ആരോപിക്കുകയും തീവ്രവാദികളെന്ന് അധിക്ഷേപിക്കുകയും ചെയ്യുന്ന സമുദായത്തിലെ ചില നേതാക്കളോട് പറയാനുള്ളത്, നിങ്ങള്‍ ചെയ്യുന്നത് പ്രവാചകന്റെ നിലപാടുകളോടുള്ള അനീതിയാണെന്നാണ്.

ദൈവത്തോട് പശ്ചാത്തപിച്ച് മടങ്ങേണ്ട കാര്യവുമാണത്. ഒരു രാഷ്ട്രീയ സംഘടനയോടും വിധേയത്വം ഇല്ലാത്ത ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമക്ക് ഇക്കാര്യം തുറന്നുപറയുന്നതിന് ഒരു മടിയും മറയും ഇല്ല.

ഓരോ സംഘടനക്കും അവരവരുടേതായ ലക്ഷ്യങ്ങളും പ്രവര്‍ത്തന ശൈലിയുമുണ്ട്. അതൊക്കെ നിലനില്‍ക്കേതന്നെ യോജിക്കാവുന്ന മേഖലകളിലൊക്കെ യോജിച്ച് സമുദായത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുക എന്നതാണ് ദക്ഷിണ കേരള ഉദ്ദേശിക്കുന്നത്. അപ്പോഴും ഇതരസമുദായങ്ങള്‍ക്ക് ദോഷം വരുത്തുന്നതൊന്നും സംഭവിക്കുകയുമരുത്. എല്ലാ മുസ്ലിം സംഘടനകളുടെയും കൂട്ടായ്മയായ മുസ്‌ലിം സൗഹൃദവേദിക്ക് ഇനിയും പ്രസക്തിയും സാധ്യതയുമുണ്ടെന്നും തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.