ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. 24 മണിക്കൂറിനിടെ 200 വിമാനങ്ങള്‍ ആണ് വൈകിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ 198 വിമാനങ്ങള്‍ വൈകി. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. ദേശീയ തലസ്ഥാനത്ത് 6 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില.
|
തലസ്ഥാന പ്രദേശത്ത് പലയിടത്തും മൂടല്‍ മഞ്ഞു മൂലം ദൃശ്യപരത പൂജ്യത്തിലെത്തിയിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും കനത്തമൂടല്‍മഞ്ഞ് കാരണം കുറഞ്ഞത് 26 ട്രെയിനുകള്‍ വൈകി.
ഫ്‌ളൈറ്റ് വിവരങ്ങള്‍ക്കായി യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്നും നാളെയും ഡല്‍ഹിഎന്‍സിആര്‍ മേഖല, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ആഴ്ച മുഴുവന്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് മേഖലയിലെ ദൃശ്യപരതയെ ബാധിക്കുന്നു. അടുത്ത മൂന്ന് ദിവസങ്ങളില്‍ മധ്യ ഇന്ത്യയിലും മഹാരാഷ്ട്രയിലും കുറഞ്ഞ താപനിലയില്‍ 2- 3 ഡിഗ്രി സെല്‍ഷ്യസ് ക്രമേണ വര്‍ദ്ധനവുണ്ടാകുമെന്നും അതിനുശേഷം കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നും ഐഎംഡി സൂചിപ്പിച്ചു.
അതേസമയം, വടക്കന്‍, കുന്നിന്‍ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളില്‍ മഴയും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. നാളെ ജമ്മു & കശ്മീര്‍, ലഡാക്ക്, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍, മുസഫറാബാദ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മറ്റന്നാള്‍ വരെ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും ഐഎംഡി പ്രവചിക്കുന്നു.
Dense fog in Delhi: 200 flights delayed, train services disrupted


