24
Jan 2025
Thu
24 Jan 2025 Thu
Actor Saif Ali Khan stabbed

മുംബൈ: കവര്‍ച്ചാ ശ്രമത്തിനിടെ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്രയിലെ താരത്തിന്റെയും ഭാര്യ കരീന കപൂറിന്റെയും വീട്ടില്‍ വച്ചായിരുന്നു സംഭവം. (Actor Saif Ali Khan stabbed; two deep wounds) വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.30ഓടെ കുടുംബം ഉറങ്ങുന്ന സമയത്ത് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാവാണ് കുത്തിയതെന്നാണ് റിപോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഷ്ടാവുമായുള്ള പിടിവലിക്കിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റതെന്നാണ് റിപോര്‍ട്ട്. കരീനയും മക്കളായ തൈമൂറും ജഹാന്‍ഗീറും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു.

വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പോലീസ് ഇയാള്‍ക്കു വേണ്ടി തിരിച്ചിലാരംഭിച്ചു. ഇതിനു വേണ്ടി നിരവധി പോലീസ് സംഘങ്ങള്‍ക്കു രൂപം നല്‍കി.

ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫിനെ രാവിലെ 3.30ഓടെയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ലീലാവതി ആശുപത്രി സിഒഒ ഡോ. നീരജ് ഉത്തമാനി അറിയിച്ചു. ആറ് മുറിവുകളാണുള്ളത്. അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുറിവുകളിലൊന്ന് നട്ടെല്ലിന് സമീപത്താണ്. സെയ്ഫ് അലിഖാന്റെ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ന്യൂറോസര്‍ജന്‍, കോസ്‌മെറ്റിക് സര്‍ജന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘമാണ് സര്‍ജറിക്കു നേതൃത്വം നല്‍കുന്നത്. സര്‍ജറിക്ക് ശേഷം മാത്രമേ മുറിവ് എത്രത്തോളം മാരകമാണ് എന്ന് പറയാനാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.