21
Feb 2025
Sun
21 Feb 2025 Sun

ദോഹ: നൂറുകണക്കിന് മലയാളികൾക്കു ഉൾപ്പെടെ ആശ്വാസമായി ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതിൻ്റെ കാലാവധി ഇന്ന് (ഫെബ്രുവരി 9) മുതല ആരംഭിക്കും. പൊതുമാപ്പ് നേടേണ്ട കാലാവധി മൂന്ന് മാസം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് രാജ്യത്തുനിന്ന് പിഴ കൂടാതെ പുറത്തുപോകാനുള്ള അവസരമാണ് ഇതിലൂടെ ഖത്തർ നൽകിയിരിക്കുന്നത്. വിദേശപൗരന്മാരുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, പുറത്തുപോകൽ എന്നിവ നിയന്ത്രിക്കുന്ന 2015ലെ 21-ാം നിയമം ലംഘിച്ചവരാണ് പൊതുമാപ്പ് നേടേണ്ടത്.

പൊതുമാപ്പ് ആനുകൂല്യം ലഭ്യമാക്കേണ്ട രീതി
റസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുകയോ അല്ലെങ്കിൽ എൻട്രി വീസയുടെ കീഴിൽ രാജ്യത്ത് അവരുടെ അംഗീകൃത കാലയളവ് കവിയുകയോ ചെയ്തവർക്കു ഈ സൗകര്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാം. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും യാത്രയ്ക്കുള്ള ടിക്കറ്റുമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ട് വരികയാണ് വേണ്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഇവർ ഖത്തർ വിടണം. ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെർച്ച് ആൻഡ് ഫോളോ അപ്പ് കേന്ദ്രത്തിൽ ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയും പൊതുമാപ്പ് ആനുകൂല്യം നേടാം. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 9 മണി വരെ സെർച്ച് ആൻഡ് ഫോളോ വകുപ്പിൽ ഹാജരായി പൊതുമാപ്പിനായി അപേക്ഷിക്കാം.

പൊതുമാപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഗ്രേസ് കാലാവധി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ നിയമപരമായ മറ്റു തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിച്ച ശേഷം മാത്രമേ രാജ്യം വിടാന്‍ സാധിക്കുകയുള്ളൂ.