23
Feb 2025
Sun
23 Feb 2025 Sun
Siddhan and helper arrested for raping young woman and extorting 60 lakh rupees from her

കുടുംബപ്രശ്‌നം പരിഹരിച്ചുനല്‍കാമെന്ന വ്യാജേന വിവാഹിതയായ യുവതിയെ ബോധംകെടുത്തി പീഡിപ്പിക്കുകയും നഗ്നഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത സിദ്ധനും ശിഷ്യനും ചാവക്കാട് പോലീസിന്റെ പിടിയിലായി. സിദ്ധന്‍ മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീന്‍ (46), ശിഷ്യന്‍ വടക്കേക്കാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷക്കീര്‍ (37) എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ മന്ത്രവാദം വഴി തീര്‍ത്തു തരാമെന്ന് വിശ്വസിപ്പിച്ച് ഷക്കീര്‍ ആണ് ആദ്യം യുവതിയെ സമീപിച്ചത്. യുവതിയുടെ വീട്ടില്‍ ചെന്ന ഷക്കീര്‍ തലവേദനയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് യുവതിക്കു ഗുളിക നല്‍കി. ഈ ഗുളിക കഴിച്ച യുവതി അബോധാവസ്ഥയിലാവുകയും ഈ സമയം പ്രതി ഇവരെ നഗ്‌നയാക്കി ഫോട്ടോയെടുക്കുകയും ചെയ്തു. ഈ ഫോട്ടോ ഭര്‍തൃ വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളാദ്യം യുവതിയെ ബലാല്‍സംഗം ചെയ്തത്. യുവതിയെ ഭീഷണിപ്പെടുത്തി ഇയാള്‍ ഒരു ലക്ഷം രൂപ മേടിക്കുകയും ചെയ്തു.

ഇതിനു പിന്നാലെയായിരുന്നു താജുദ്ദീന്റെ രംഗപ്രവേശം. ഷക്കീര്‍ നേരത്തേ കൈവിഷം നല്‍കിയിട്ടുണ്ടെന്നും ഇത് മന്ത്രവാദം വഴി ഒഴിവാക്കി നല്‍കാമെന്നും പറഞ്ഞാണ് താജുദ്ദീന്‍ യുവതിയെ സമീപിച്ചത്. ഇയാള്‍ നല്‍കിയ മരുന്ന് കഴിച്ചപ്പോഴും യുവതി അബോധാവസ്ഥയിലായി. തുടര്‍ന്ന് താജുദ്ദീനും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ ദൃശ്യം ഇയാള്‍ കാമറയില്‍ പകര്‍ത്തുകയും വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്തു. പലപ്പോഴായി ഇയാള്‍ 60 ലക്ഷം രൂപ യുവതിയില്‍ നിന്ന് കൈക്കലാക്കുകയും ചെയ്തു.

ഗത്യന്തരമില്ലാതെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ചാവക്കാട് പോലീസ് എസ് ഐ ടി സി അനുരാജ്, എസ്.ഐ (ട്രെയിനി) വിഷ്ണു എസ് നായര്‍, എസ്‌സിപിഒ അനീഷ് വി നാഥ്, സിപിഒമാരായ രജനീഷ്, പ്രദീപ്, രജിത്ത് എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.