16
Feb 2025
Sun
16 Feb 2025 Sun
INDIA US DEPORTATION

അമൃത്സര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലും ഇന്ത്യക്കാരെ കൈയിലും കാലിലും ചങ്ങലയിട്ട് നാട് കടത്തി ഡൊണാള്‍ഡ് ട്രംപ്. (INDIA US DEPORTATION: ) അമേരിക്കയില്‍ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച പിടിയിലായ ഇന്ത്യക്കാരെ ശനിയാഴ്ച രാത്രി 11.40 ഓടെയാണ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ തവണ ഇന്ത്യക്കാരെ കൈയിലും കാലിലും ചങ്ങലയിട്ടാണ് സൈനിക വിമാനത്തിലെത്തിച്ചത്. മോദിയുടെ സന്ദര്‍
ശനത്തിനും ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്കും പിന്നാലെ ഇതില്‍ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും പഴയ രീതിയില്‍ തന്നെയാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത്.

ഇവരെ ഇന്ത്യയിലെത്തിച്ചതിന് ശേഷമാണ് വിലങ്ങുകളും ചങ്ങലകളും അഴിച്ചുമാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരെ വിലങ്ങണിയിച്ച് ബന്ധിച്ച് കൊണ്ടുവരുന്നതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശന സമയത്താണ് ഇന്ത്യക്കാരുമായുള്ള വിമാനം അവിടെ നിന്ന് പുറപ്പെട്ടത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഇന്ത്യക്കാരെ അമൃതസര്‍ വിമാനത്താവളത്തിലെത്തിച്ചത്.

ഇന്ത്യക്കാരെ ബന്ധിച്ച് കൊണ്ടുവരുന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടിരുന്നു. രൂക്ഷവിമര്‍ശനങ്ങളുയരുന്നതിനിടെ കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ സമീപനമുണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു.എസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ ഇന്ത്യക്കാരെ മോശക്കാരാക്കി കൊണ്ടുവരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ജയശങ്കര്‍ പറഞ്ഞിരുന്നു.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ട്രംപുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അനധികൃതമായി അമേരിക്കയിലെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെ മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതൊന്നും ചെവിക്കൊള്ളാതെയാണ് വീണ്ടും മനുഷ്യത്വരഹിതമായ രീതിയില്‍ ഇന്ത്യക്കാരെ നാട് കടത്തിയത്.

119 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മാന്‍ ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. ഈ ആഴ്ച തന്നെ മൂന്ന് വിമാനങ്ങളിലായി കൂടുതല്‍ ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കും.