17
Feb 2025
Wed
17 Feb 2025 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോർക്ക്: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ പിന്തുണച്ചതിനെ തുടർന്ന് ലോക വ്യാപകായി ബഹിഷ്കരണം നേരിട്ടതോടെ വൻതോതിൽ തിരിച്ചടി ഉണ്ടായതായി സമ്മതിച്ചു യുഎസ് ബഹുരാഷ്ട്ര കുത്തക കമ്പനിയായ സ്റ്റാർബക്‌സ്. ആഗോള ബഹിഷ്‌കരണങ്ങൾ കമ്പനിയുടെ സാമ്പത്തിക നിലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് സ്റ്റാർബക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ബ്രയാൻ നിക്കോൾ സമ്മതിച്ചു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ, നിലവിലെ സ്ഥിതിഗതികൾ “നിർഭാഗ്യകരം” എന്ന് വിശേഷിപ്പിച്ച ബ്രയാൻ നിക്കോൾ, ബഹിഷ്‌കരണം സ്റ്റാർബക്‌സിന് വിപണി വിഹിതം നഷ്‌ടപ്പെടാൻ കാരണമായെന്നും പറഞ്ഞു. മിഡിൽ ഈസ്റ്റിലും തുർക്കി ഉൾപ്പെടെയുള്ള മറ്റ് മുസ്ലീം രാജ്യങ്ങളിലും ഉപഭോക്താക്കളുടെ ബഹിഷ്കരണം കാരണം വിൽപ്പന കുത്തനെ ഇടിഞ്ഞു. കാപ്പി, ചായ, ഭക്ഷണം, മറ്റ് പാനീയങ്ങൾ എന്നിവ വിൽക്കുന്ന അമേരിക്കൻ കോഫിഹൗസ് ശൃംഖല ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലകളിൽ ഒന്നാണ്. ഈ രംഗത്തെ ലോക മുൻനിര ബ്രാൻഡ് ആണ്.
സ്റ്റാർബക്‌സും പെപ്‌സികോ, വാൾട്ട് ഡിസ്‌നി, മക്‌ഡൊണാൾഡ്, കെഎഫ്‌സി, ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ് എന്നിവയുൾപ്പെടെയുള്ള മറ്റ് ആഗോള കമ്പനികളും ഇസ്രായേൽ സൈനിക അധിനിവേശത്തിനും ഇസ്രായേലിൻ്റെ ആക്രമണത്തിനും ധനസഹായം നൽകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനിക്ക് എതിരെ ബഹിഷ്കരണം ഉണ്ടായത്.
അതേസമയം വിപണിയിൽ കനത്ത നഷ്ടം ഉണ്ടായതോടെ കമ്പനി ഇസ്രായേലിനോ ഇസ്രായേൽ സൈന്യത്തിനോ പണം നൽകുന്നുവെന്ന അവകാശവാദങ്ങൾ നിഷേധിക്കുകയും മേഖലയിലെ അക്രമങ്ങളെ അപലപിക്കുകയും ചെയ്തു. 2023 ലെ റിപ്പോർട്ടുകൾ പ്രകാരം ബഹിഷ്‌കരണ പ്രചാരണ കാമ്പയിൻ സ്റ്റാർബക്‌സ് ഓഹരികളെ സാരമായി ബാധിച്ചു. 2023 ഒക്‌ടോബർ 12-ന് അതിൻ്റെ ഓഹരികൾ ഓരോ ഷെയറിനും 91.4 ഡോളറായി കുറഞ്ഞു.

ബഹിഷ്‌കരണവും മോശം വിൽപ്പനയും കാരണം സ്റ്റാർബക്‌സിന് ഏകദേശം 11 ബില്യൺ ഡോളർ മൂല്യം ആണ് നഷ്ടപ്പെട്ടത്. ഇത് കമ്പനിയുടെ മൂല്യത്തിൽ 9.4 ശതമാനം ഇടിവാണ്. UT-യുടെ ഉടമസ്ഥതയിലുള്ള മൂന്ന് സ്റ്റാർബക്സ്-അഫിലിയേറ്റഡ് ലൊക്കേഷനുകളിലെ (ലിറ്റിൽഫീൽഡ് പാറ്റിയോ കഫേ, സൈപ്രസ് ബെൻഡ്, യൂണിയൻ കോഫി) വിൽപ്പനയിൽ 2024 സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ ഏകദേശം 20,000 ഡോളർ വീതവും ഇടിഞ്ഞു.

വാഷിങ്ടണിലെ സീറ്റ്ൽ ആസ്ഥാനമായ കോഫി ഹൗസ്, റോസ്റ്ററി റിസർവസ് ശൃംഖലയാണ് സ്റ്റാർബക്‌സ് കോർപറേഷൻ. ലോകത്തെ ഏറ്റവും വലിയ കോഫീഹൗസ് ശൃംഖലയാണിത്. 1971ൽ സ്ഥാപിതമായി കമ്പനിക്ക് അമേരിക്കയിലെ 9,000-ലധികം ശാഖകൾ ഉൾപ്പെടെ 86 രാജ്യങ്ങളിലായി സ്റ്റാർബക്സിന് ലോകമെമ്പാടും 35,000-ത്തിലധികം ശാഖകളുണ്ട്.
നാലു ലക്ഷത്തിലേറെ തൊഴിലാളികളും. വ്യാപാരം കുറഞ്ഞതോടെ പലസ്ഥലത്തും കമ്പനി ജീവനക്കാരെ പരിച്ചുവിട്ടിരുന്നു.

കമ്പനി ഇസ്രായേലിനെ പിന്തുണച്ചെങ്കിലും ജീവനക്കാർ അതിന് നേർ വിപരീതമായ നിലപാടാണ് സ്വീകരിച്ചുവന്നത്. സ്റ്റാർബക്‌സ് വർക്കേഴ്‌സ് യുണൈറ്റഡ് തൊഴിലാളി സംഘടന ഫലസ്തീന് ഐക്യദാർഢ്യം അറിയിച്ചിരുന്നു.

Starbucks faces losses by boycotts over gaza war