ഭാര്യക്കും മക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് പോവാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ മരിച്ചു. എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേല്‍ വീട്ടില്‍ കെ ഐ ശ്രീധരന്‍-ശാന്താ ശ്രീധരന്‍ ദമ്പതികളുടെ മകന്‍ അനീഷ് ശ്രീധരന്‍ (38) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ കില്‍ക്കെനിയില്‍ വാഹനം ഓടിക്കുന്നതിനിടെ അനീഷിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. കില്‍ക്കെനിയിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്യുന്ന അനീഷ് ചൊവ്വാഴ്ച കുടുംബത്തോടൊപ്പം നാട്ടില്‍ പോവാന്‍ ടിക്കറ്റെടുത്തിരുന്നു
|
നാട്ടില്‍ പോവുന്നതിന് മുന്നോടിയായി ജോലി ചെയ്യുന്ന റസ്റ്ററന്റില്‍ പോവുമ്പോഴായിരുന്നു അനീഷിന് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് കാര്‍ സമീപത്തുള്ള കടയുടെ മതിലില്‍ ഇടിച്ചു നിന്നു. പാരാമെഡിക്‌സ് സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മൂന്ന് വര്‍ഷം മുന്‍പാണ് അനീഷ് അയര്‍ലന്‍ഡില്‍ എത്തിയത്. കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ജ്യോതിയാണ് ഭാര്യ. 8 വയസ്സുള്ള ശിവാന്യ, 10 മാസം പ്രായമുള്ള സാദ് വിക് എന്നിവരാണ് മക്കള്‍.


