23
Feb 2025
Tue
23 Feb 2025 Tue
Venjaramood mass murder victims were cremated

വെഞ്ഞാറമൂട്ടില്‍ 23കാരന്‍ കൂട്ടക്കൊലപാതകത്തിനിരയാക്കിയ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പ്രതിയായ അഫാന്റെ മുത്തശ്ശി സല്‍മാ ബീവി, പ്രതിയുടെ അനുജന്‍ പതിമൂന്നുകാരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫും അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദയുടെയും മൃതദേഹങ്ങളാണ് ഖബറടക്കിയത്. ഫര്‍സാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വീട്ടില്‍ എത്തിക്കുകയും ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കുകയും ചെയ്തു. ബാക്കി നാല് പേരുടെയും മൃതദേഹം പേരുമല ജങ്ഷനില്‍ പൊതുദര്‍ശനത്തിന് ശേഷം താഴെ പാങ്ങോട് ജുമാ മസ്ജിദില്‍ ആണ് മറവുചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചുറ്റികയ്ക്ക് തലയ്‌ക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് പ്രതി അക്രമത്തിന് തുടക്കമിട്ടത്. അര്‍ബുദബാധിതയായ മാതാവ് ഷെമിയെ ഷാള്‍ കഴുത്തില്‍ ചുറ്റി തല ചുമരിലിടിപ്പിച്ചു. അവശയായ ഷെമിയെ റൂമില്‍ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തി ഇവരെ തലയ്ക്കടിച്ചുകൊല്ലുകയും സ്വര്‍ണമാല കവരുകയും ച്യെതു. ഈ മാല വെഞ്ഞാറമൂട്ടിലെ ധനകാര്യസ്ഥാപനത്തില്‍ പണയം വച്ച് ഈ പണവുമായി പിതൃസഹോദരന്റെ വീട്ടിലെത്തുകയും ഇരുവരെയും കൊല്ലുകയും ചെയ്തു.

തുടര്‍ന്ന് തന്റെ വീട്ടിലേക്ക് പോയ പ്രതി തന്റെ നിര്‍ദേശമനുസരിച്ച് വീട്ടിലെത്തിയ ഫര്‍സാനയെ കൊലപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷമാണ് പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്നെത്തിയ അനുജന്‍ അഹ്‌സാനെ കൊലപ്പെടുത്തുന്നത്. ഇതിനു ശേഷം കുളിച്ച് വസ്ത്രംമാറി എലിവിഷവും കഴിച്ച പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സൗദിയില്‍ പ്രവാസിയായ അഫാന്റെ പിതാവ് വിസയുടെ കാലാവധി കഴിഞ്ഞ് നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നതിനാല്‍ നാട്ടിലേക്ക് വരാനാവാത്ത സാഹചര്യത്തിലാണുള്ളത്. സാമൂഹികപ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ യാത്രാനടപടികള്‍ക്കായി ശ്രമിച്ചുവരികയാണ്.

ALSO READ: കൊലപാതകങ്ങള്‍ രാവിലെ 10നും വൈകീട്ട് 6നും ഇടയില്‍; പ്രതി സഞ്ചരിച്ചത് 30 കിലോമീറ്ററോളം; ഒട്ടേറെ ദുരൂഹതകള്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക