24
Feb 2025
Tue
24 Feb 2025 Tue
VENJARAMOODU MASS MURDER

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ഇനിയും ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ നിരവധി. (Venjaramood mass murder, : Afan killing sequence)രാവിലെ 10 നും വൈകിട്ട് 6നും ഇടയ്ക്കാണ് അഞ്ചുപേരെയും അഫാന്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനായി പ്രതി സഞ്ചരിച്ചത് മുപ്പതോളം കിലോമീറ്ററാണ്. പേരുമല, ചുള്ളാളം, പാങ്ങോട് എന്നീ മൂന്ന് സ്ഥലങ്ങളിലായാണ് കൊലപാതകം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഫാന്റെ പിതാവിന്റെ മാതാവ് സല്‍മാ ബീവി, പ്രതിയുടെ അനുജന്‍ അഹ്‌സാന്‍, കാമുകി ഫര്‍സാന, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ഉമ്മ ഷെമി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസിന് സംശയമുണ്ട്.

സാമ്പത്തിക പ്രതിസന്ധിയാണോ അതോ പെണ്‍കുട്ടിയുമായുള്ള പ്രണയം എതിര്‍ത്തതാണോ കൊലപാതകത്തിന് കാരണം എന്ന് സ്ഥിരീകരിക്കാനാവാതെ കുഴങ്ങുകയാണ് പോലീസ്.

പ്രവാസിയായ അഫാന്റെ പിതാവ് റഹീമിന് കൊറോണയ്ക്കു ശേഷം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. നിലവില്‍ നാട്ടിലേക്ക് മടങ്ങി വരാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങികിടക്കുകയാണ് റഹീം.

ആദ്യം കൊലപ്പെടുത്തിയത് ആരെ?

afan home

പ്രതി പോലീസിനോട് പറഞ്ഞതില്‍ നിന്നും അയല്‍ക്കാരുടെയും സുഹൃത്തുകളുടെയും മൊഴികളില്‍ നിന്നും അഭിപ്രായങ്ങളില്‍ നിന്നും ഊഹിച്ചെടുക്കാവുന്നത് ഇപ്രകാരമാണ്.

1. മുത്തശ്ശി സല്‍മാബീവി: സ്ഥലം: കല്ലറ പാങ്ങോട്. (പേരുമലയിലെ അഫാന്റെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ) – ഉച്ചയ്ക്ക് 12 മണിക്ക് ശേഷം

ഉച്ചയോടെ സല്‍മാബീവിയുടെ വീട്ടിലേക്ക് ചെന്ന അഫാന്‍ സ്വര്‍ണമാല ചോദിച്ചിരുന്നതായും എന്നാല്‍, സല്‍മാബീവി അത് കൊടുക്കാന്‍ തയ്യാറായില്ലെന്നും സൂചനയുണ്ട്. കൊലപാതകത്തിന് ശേഷം ഈ സ്വര്‍ണമാല അഫാന്‍ ഒരു സ്ഥലത്ത് പണയംവച്ച് പണം വാങ്ങിയിരുന്നു. ഉമ്മയെ ആക്രമിച്ച ശേഷമാണോ അതിന് മുമ്പാണ് സല്‍മാബീവിയുടെ വീട്ടിലേക്ക് പോയതെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ബാക്കിയാണ്.

2. പിതൃസഹോദരന്‍ ലത്തീഫ് (69), ഭാര്യ ഷാഹിദ (59): സ്ഥലം: പുല്ലമ്പാറ എസ്എന്‍ പുരം. (പേരുമലയിലെ വീട്ടില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ)

ഈ സമയത്ത് പുല്ലമ്പാറ എസ്എന്‍ പുരത്തുള്ള പിതൃസഹോദരന്‍ ലത്തീഫിന്റെ കോള്‍ വന്നുവെന്നും പ്രതി അങ്ങോട്ട് ചെന്നുവെന്നുമാണ് സൂചന. അവിടെവച്ച് ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി സ്വന്തം വീട്ടിലേക്ക് മടങ്ങി.

3. സഹോദരന്‍ അഹ്‌സാന്‍ (13), കാമുകി ഫര്‍സാന (19): സ്ഥലം: പേരുമല ആര്‍ച്ച് ജംക്ഷനിലുള്ള സ്വന്തം വീട്. അമ്മ ഷമീനയെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല്‍പിച്ചു.

ഇതിനിടെ കാമുകി ഫര്‍സാനയെ വീട്ടിലേക്കു വിളിച്ചുവരുത്തിയതായാണു കരുതുന്നത്. അഫാന്‍ കുഴിമന്തിയും കോളയുമായാണ് വീട്ടിലേക്കെത്തിയത്. തുടര്‍ന്ന് ഉമ്മയെയും ഫര്‍സാനയെയും കൊലപ്പെടുത്തി. ഈ സമയത്താണ് അനുജന്‍ അഹസാന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്നത്. അങ്ങിനെയാണ് അനുജനെയും കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തുന്നത്.

എന്നാല്‍, ഈ കാര്യങ്ങളിലൊന്നും പോലീസിന്റെ ഭാഗത്ത് നിന്ന് അന്തിമമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സല്‍മാബീവിയുടെ മൃതദേഹം രാവിലെ 7 മണിയോടെ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഫര്‍സാനയുടെ ഒഴികെ നാലു പേരുടെയും കബറടക്കം മുസ്ലീം ജുമാ മസ്ജിദ് താഴെ പാങ്ങോട് പള്ളിയില്‍ നടക്കും.

ഏറെ ദുരൂഹതകള്‍ നിറഞ്ഞ കേസില്‍ പ്രതി അഫാന്റെ മൊഴി തന്നെയായിരുക്കും ഇനി നിര്‍ണായകമാവുക. അതേസമയം ചികിത്സയിലുള്ള ഷെമിയ്ക്ക് മൊഴി നല്‍കാനായാല്‍ അതാകും ഈ കേസില്‍ ഏറെ വഴിത്തിരിവായി മാറുക.