തൃശൂര്‍: ചേലക്കര അന്തിമഹാകാളന്‍കാവ് വേലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍. (Anthimahakalankavu: BJP Mandalam president arrested for hate speech) ബിജെപി പുലാക്കോട് മണ്ഡലം പ്രസിഡന്റ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി ഗിരീഷിനെയാണ് അറസ്റ്റ് ചെയ്തത്.
|
പങ്ങാരപ്പിള്ളി ദേശക്കാരന് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ മറ്റൊരു പേരിലാണ് ഗിരീഷ് വേലയ്ക്കും വെടിക്കെട്ടിനുമെതിരെ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നത്. സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് ഗിരീഷാണ് വ്യാജ പേരില്‍ സന്ദേശം അയക്കുന്നത് എന്ന് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. വേലയുടെ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ഒരു പ്രധാന പ്രചാരണ വിഷയമായിരുന്നു അന്തിമഹാകാളന്‍ കാവ് വേലയുമായി ബന്ധപ്പെട്ട വെടിക്കെട്ട്. വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് എല്‍ഡിഎഫിന് വലിയ തലവേദനയായിരുന്നു. ബിജെപിയാണ് എല്‍ഡിഎഫിനെതിരായ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.
എന്നാല്‍, ഇത്തവണ ചേലക്കരയില്‍ ജയിച്ച എല്‍ഡിഎഫ് എംഎല്‍എ യുആര്‍ പ്രദീപ് ഉള്‍പ്പെടെ ഇടപെട്ടാണ് വെടിക്കെട്ടിനു അനുമതി ലഭ്യമാക്കിയത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നെങ്കിലും കോടതിയെ സമീപിച്ചാണ് അനുമതി നേടിയെടുത്തത്.
വേല ദിവസം എഡിഎമ്മിന് ഊമക്കത്ത് പരാതിയും ലഭിച്ചിരുന്നു. വെടിക്കെട്ട് തടയാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു കത്ത്. ഈ കത്തിന് പിന്നിലും ഗിരീഷാണെന്നാണ് കരുതുന്നത്. നേരത്തേ വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചതും ചില വ്യക്തികളുടെ ഇടപെടല്‍ കാരണമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
അതേസമയം, ബിജെപി നേതൃത്വം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആചാരത്തിനും വെടിക്കെട്ടിനുമൊക്കെ വേണ്ടി നിലകൊണ്ട ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് തന്നെ വേല കലക്കാന്‍ വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയത് എന്തിന് വേണ്ടിയെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.


