ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ സന്ദര്‍ശിക്കാനെത്തിയ മലയാളികള്‍ക്കു നേരെ സംഘപരിവാര ആക്രമണം.(Jabalpur: Hindutwa attack against Christians) ആക്രമണത്തില്‍ വൈദികര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്കു പരിക്കേറ്റു. അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് അക്രമം നടത്തിയത്.
|
ഫാ. ഡേവിസ് ജോര്‍ജ് തൃശൂര്‍ കുട്ടനെല്ലൂര്‍ മരിയാപുരം സ്വദേശിയും ഫാ. ജോര്‍ജ് തോമസ് എറണാകുളം സ്വദേശിയുമാണ്. ജബല്‍പൂരിലെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ തടഞ്ഞുവച്ചതറിഞ്ഞു സഹായത്തിനെത്തിയതായിരുന്നു വൈദിക സംഘം. ജബല്‍പൂര്‍ എസ്പിക്കു പരാതി നല്‍കിയതായി ഫാ. ജോര്‍ജ് തോമസ് പറഞ്ഞു.
2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മണ്ഡ്ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്കാ വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെയായിരുന്നു തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആക്രമണം.
A Catholic priest, Dr. Fr. Davis George, Vicar General of Jabalpur in India’s Madhya Pradesh, was brutally assaulted along with other priests and lay pilgrims during a Jubilee 2025 pilgrimage. The attack, carried out by extremist groups in the presence of officials, has been… pic.twitter.com/2fNm0nBuiY
— Sachin Jose (@Sachinettiyil) April 1, 2025
അക്രമി സംഘം തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികളെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച ശേഷം ഓംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൊലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവിടെയും എത്തി. തുടര്‍ന്ന് ഇവരെ റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍, ഇവര്‍ ഉടന്‍ സ്ഥലംവിട്ടില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിയും മുഴക്കി. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നത്.
വൈകുന്നേരം 5 മണിയോടെയാണ് വൈദികര്‍ക്കും തീര്‍ഥാടകര്‍ക്കും സ്റ്റേഷനില്‍ നിന്ന് മാണ്ട്ലയിലേക്ക് തിരികെ പോകാനായത്. ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ ആക്രമത്തിന്റെ ഭാഗമാണിതെന്ന് സിബിസിഐ ചൂണ്ടിക്കാട്ടിയിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച ജബല്‍പൂര്‍ എസ്പി ഓഫീസിന് പുറത്ത് നൂറുകണക്കിന് ക്രിസ്ത്യാനികള്‍ തടിച്ചുകൂടി. ആക്രമണത്തില്‍ രോഷാകുലരായ അവര്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഫാദര്‍ ഡേവിസ് ജോര്‍ജിനെതിരെയും മറ്റുള്ളവര്‍ക്കെതിരെയുമുള്ള അക്രമം ക്രമസമാധാനപാലനത്തിന്റെ പരാജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നാഷണല്‍ ക്രിസ്ത്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് അരവിന്ദ് ആന്‍ഡ്രൂസ്, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ എസ്പി സൂര്യകാന്ത് ശര്‍മ്മ പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കി. അക്രമത്തില്‍ എല്ലാവരെയും ചോദ്യം ചെയ്യുമെന്നും വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം ജബല്‍പൂരില്‍ മതപരിവര്‍ത്തന ആരോപണത്തെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. മാണ്ഡലയിലെ മഹാരാജ്പൂര്‍ പ്രദേശത്തെ 50-ലധികം ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാണ് സംഘപരിവാര സംഘടനകള്‍ ആരോപിക്കുന്നത്.





