23
May 2025
Fri
23 May 2025 Fri
SUHAS SHETTY MURDER

മംഗളൂരു: ബജ്‌പെയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങള്‍ തടയുന്നതിന് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. (Suhas Shetty murder: Prohibitory orders clamped in Mangaluru city) മംഗളൂരു നഗര പരിധിയില്‍ മെയ് 2 മുതല്‍ ആറ് വരെയാണ് നിരോധനാജ്ഞ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ 6 മണി മുതല്‍ മെയ് 6 രാവിലെ 6 മണിവരെയാണ് നിരോധനാജ്ഞയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. ഇന്നലെ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശത്തെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്ന് പോലീസ് അറിയിച്ചു.

സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് പോലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞ പ്രകാരം പൊതുജനങ്ങളുടെ ഒത്തു കൂടല്‍, മുദ്രാവാക്യം വിളി എന്നിവ നിരോധിച്ചിട്ടുണ്ട്. പ്രകോപനപരമായ പോസ്റ്ററുകള്‍, ചിത്രങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതും വിലക്കി. അക്രമത്തിന് ഹേതുവാകുന്ന രീതിയിലുള്ള ലൗഡ് സ്പീക്കറുകളുടെ ഉപയോഗം, സംഗീത പരിപാടികള്‍, പ്രസംഗങ്ങള്‍ എന്നിവയും ഈ കാലയളവില്‍ പാടില്ലെന്ന് പോലീസ് അറിയിച്ചു.

എന്നാല്‍, സര്‍ക്കാര്‍ പരിപാടികള്‍, വിവാഹം, ശവസംസ്‌കാര ചടങ്ങുകള്‍, നേരത്തേ അനുമതി നല്‍കിയ മതചടങ്ങുകള്‍ എന്നിവയ്ക്ക് വിലക്ക് ബാധകമല്ല.

ഇന്നലെ രാത്രി 8.27നാണ് ബജ്‌പെയിലെ കിന്നിപ്പദവ് ക്രോസിന് സമീപം അക്രമികള്‍ സുഹാസിനെ വെട്ടിക്കൊന്നത്. സുഹാസും സുഹൃത്തുക്കളായ സഞ്ജയ്, പ്രജ്വല്‍, അന്‍വിത്, ലതീഷ്, ശശാങ്ക് എന്നിവരും വാഹനത്തില്‍ സഞ്ചരിക്കവേ സ്വിഫ്റ്റ് കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ആറോളം പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമത്തില്‍ ഗുരുതര പരിക്കേറ്റ സുഹാസിനെ ഉടന്‍ എജെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദക്ഷിണ കന്നഡയില്‍ ബന്ദ്
കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് ദക്ഷിണ കന്നഡയില്‍ സംഘപരിവാര സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ സ്വമേധയാ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും ബസ്സുകളും മറ്റു സേവനങ്ങളും നിര്‍ത്തിവയ്ക്കണമെന്നും വിഎച്ച്പി നേതാവ് ശരണ്‍ പുമ്പ്വല്‍ ആഹ്വാനം ചെയ്തു.

സുഹാസ് ഷെട്ടിക്കെതിരേ അഞ്ച് ക്രിമിനല്‍ കേസുകള്‍
കൊല്ലപ്പെട്ട സുഹാസ് ഷെട്ടിക്കെതിരായ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. രണ്ടു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ അഞ്ചു കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. ഒരു കേസ് ദക്ഷിണ കന്നഡയിലും നാല് കേസുകള്‍ ംഗളൂരു സിറ്റി കമ്മീഷണറേറ്റ് പരിധിയിലുമാണ്.

രണ്ടു കേസുകളില്‍ ഷെട്ടിയെ വെറുതെവിട്ടിരുന്നു. രണ്ട് കൊലപാതക കേസുകളില്‍ വിചാരണ നടക്കുകയാണ്.

2022ല്‍ മംഗളൂരുവിലെ മംഗല്‍വാര്‍പേട്ടയില്‍ മുഹമ്മദ് ഫാസിലിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയാണ് ഷെട്ടി. 2020ല്‍ ബജ്‌പെയിലെ ദേവിയാര്‍ഗുഡ്ഡയില്‍ 20 വയസ്സുള്ള കീര്‍ത്തിയെ കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്.