റാവല്‍പിണ്ടി: ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഇന്ത്യ അതിര്‍ത്തിയില്‍ സമാധാന സൂചകമായി വെള്ളപ്പതാക ഉയര്‍ത്തിയെന്നും അവകാശവാദവുമായി പാകിസ്താന് സൈനിക വക്താവ് ലഫ്റ്റനന്റ് ജനറല്‍ അഹമദ് ശരീഫ് ചൗധരി. (Pakistan claims to have shot down fighter jets) പാകിസ്താന് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.
|
അഞ്ച് യുദ്ധവിമാനങ്ങളും ഒരു ഡ്രോണും വെടിവച്ചിട്ടതായി അഹമദ് ശരീഫ് ചൗധരി പറഞ്ഞതായാണ് റോയിട്ടേഴ്സ് റിപോര്‍ട്ട്. മൂന്നു റഫാല്‍ ജെറ്റുകളും ഒരു മിഗ്-29 വിമാനവും ഒരു എസ്.യു-30 ജെറ്റും ഒരു ഹെറോണ്‍ ഡ്രോണും വീഴ്ത്തിയെന്നാണ് പാകിസ്താന്റെ അവകാശവാദം. എന്നാല്‍, ഇക്കാര്യത്തില്‍ തെളിവുകളൊന്നും പാകിസ്താന് ഹാജരാക്കിയിട്ടില്ല.
ALSO READ: ഓപ്പറേഷന് സിന്ദൂറില്‍ സൈന്യം തകര്‍ത്തത് ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; തെളിവുകള്‍ പുറത്ത് വിട്ട് ഇന്ത്യ
അതേസമയം, കശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് മൂന്ന് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. ഇന്ത്യ പാകിസ്താനില്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് സംഭവം. എന്നാല്‍, ഇത് ആരുടെ വിമാനമാണെന്ന്് വ്യക്തമല്ല.
26 പേര് കൊല്ലപ്പെട്ടെന്ന് പാകിസ്താന്
ഇന്ത്യ നടത്തിയ ആക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടതായും 46 പേര്‍ക്ക് പരിക്കേറ്റതായും പാക്ക് സൈനിക മേധാവി. നേരത്തേ എട്ട് പേര് മരിച്ചതായായിരുന്നു റിപോര്‍ട്ട്. എന്നാല്‍, എവിടെയൊക്കെയാണ് ഈ മരണമെന്ന് വ്യക്തമല്ല.
ഇന്ത്യയുടെ ആക്രമത്തിന് ഉചിതമായ സമയത്തും സ്ഥലത്തും മറുപടി നല്‍കുമെന്നും പാക്ക് സേനാ മേധാവി മുന്നറിയിപ്പ് നല്കി.


