സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയിൽ നിന്ന് ഒഴിവായെങ്കിലും ജയിലിൽ തുടരുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ശ്രമം തുടങ്ങിയതായി നിയമസഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കണമെന്ന കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കും. ഇതുവരെ അനുഭവിച്ച ശിക്ഷ കാലാവധിയടക്കം ഇരുപത് വർഷത്തെ തടവുശിക്ഷയാണ് റഹീമിന് റിയാദ് ക്രിമിനൽ കോടതി ഇന്നലെ വിധിച്ചത്. സൗദി ബാലനായ അനസ് അൽശഹ്റിയെ കൊല്ലുകയും കുറ്റം മറച്ചുവയ്ക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചത്.
|
വാദി ഭാഗമായ പബ്ലിക് പ്രോസിക്യൂഷനും റഹീമിനും വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശമുണ്ട്. 2006 ഡിസംബർ 24നാണ് അബ്ദു റഹീം റിയാദ് ജയിലിലായത്. 20 വർഷം തടവ് പൂർത്തിയാക്കുന്നത് 2026 ഡിസംബർ 24ന് ആയിരിക്കും. എന്നാൽ ജയിലിലെ നല്ല നടപ്പ് മാനിച്ച് അതിന് മുമ്പ് തന്നെ മോചനത്തിന് സാധ്യതയുണ്ട്.
നേരത്തെ സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച 15 മില്യൻ റിയാൽ കൊല്ലപ്പെട്ട അനസിന്റെ ബന്ധുക്കൾക്ക് ദിയാധനമായി കൈമാറിയിരുന്നു. ഇതോടെയാണ് വധശിക്ഷയിൽ നിന്ന് അബ്ദുറഹീം ഒഴിവായത്.
വാർത്താസമ്മേളനത്തിൽ അശ്റഫ് വേങ്ങാട്ട്, സിപി മുസ്തഫ, അബ്ദുല്ല വല്ലാഞ്ചിറ, സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ, സിദ്ദീഖ് തുവ്വൂർ, നൗഫൽ പാലക്കാടൻ, മുനീബ് പാഴൂർ, കുഞ്ഞോയി കോടമ്പുഴ, സുധീർ കുമ്മിൾ, നവാസ് വെള്ളിമാട്കുന്ന്, ശമീം മുക്കം എന്നിവർ സംബന്ധിച്ചു.


