27
May 2025
Fri
27 May 2025 Fri
ullal landslide

മംഗളൂരു: ഉള്ളാളില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു. പ്രേമ പൂജാരി(65) കൊച്ചു മക്കളായ ആര്യന്‍(3) , ആരുഷ്(2) എന്നിവരാണ് മരിച്ചത്. (3 people, including two children, died after a landslide hit a house in Ullal) ഇവരുടെ മാതാവ് അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച നിലയില്‍ മാതാവ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുട്ടികളും മരിച്ചിരുന്നു. മുത്തശ്ശി പ്രേമയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. കുട്ടികളും മാതാവും ണ്ണിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

എന്‍ഡിആര്‍എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഉള്ളാളിനടുത്തെ മഞ്ഞനടിയിലാണ് അപകടം നടന്നത്.

ALSO READ: മഞ്ചേശ്വരം മേഖലയില്‍ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം; പുഴകള്‍ കരകവിഞ്ഞു; നിരവധി വീടുകളില്‍ വെള്ളം കയറി; ഗതാഗത തടസ്സം

കുന്നിന് സമീപമുള്ള കാന്തപ്പ പൂജാരിയുടെ വീട്ടിലാണ് ദുരന്തം നടന്നത്. അപകട സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു. ശക്തമായ കാറ്റും മഴയുമുണ്ടായപ്പോള്‍ വലിയ ഒരുമരം കടപുഴകി വീടിന് മുകളില്‍ വീണിരുന്നു. ഒപ്പം 30 അടി ഉയരത്തിലുള്ള കുന്ന് ഇടിഞ്ഞ് വീടിന്റെ മുകളില്‍ വീണു.

ശബ്ദം കേട്ട് കാന്തപ്പയുടെ മകന്‍ സീതാരാമന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാന്തപ്പയും ഭാര്യ പ്രേമയും മകന്റെ ഭാര്യ അശ്വനിയും രണ്ടുമക്കളും മണ്ണിനടിയില്‍പെട്ടു. വിവരത്തെ തുടര്‍ന്നെത്തിയ നാട്ടുകാര്‍ മണ്ണിനടിയില്‍ കുടുങ്ങിയ കാന്തപ്പ പൂജാരിയെയും അശ്വനിയെയും രക്ഷപ്പെടുത്തി. എന്നാല്‍ പ്രേമയും മകന്റെ രണ്ടുകുട്ടികളും മരണപ്പെടുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ടുണ്ടായ കനത്തമഴയില്‍ ഉള്ളാളില്‍ വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞ് വീണ് 10 വയസുകാരി മരിച്ചിരുന്നു. ബല്‍മ കനകരെയിലുള്ള നൗഷാദിന്റെ മകള്‍ നയീമയാണ് മരിച്ചത്. നൗഷാദിന്റെ വീടിന് പിന്നിലെ കുന്നും സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണാണ് അപകടം. ചുമരിന്റെ ഒരു ഭാഗം ജനാലയിലൂടെ മുറിയിലേക്ക് വീഴുകയായിരുന്നു. കുട്ടി മണ്ണിനടിയില്‍ കുടുങ്ങിപ്പോയി.

കനത്ത മഴയില്‍ ഉള്ളാള്‍ താലൂക്കിലുടനീളം നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കുമ്പള, കല്ലാപ്പു, ധര്‍മ്മനഗര, ഉച്ചില, തലപ്പാടി, വിദ്യാനഗര്‍, കല്‍ക്കട്ട തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. വീടുകളിലേക്ക് വെള്ളം കയറി രാത്രിയില്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു.