20
Jun 2025
Mon
20 Jun 2025 Mon
Delhi rape

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒമ്പതു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ പ്രതിക്കായി തിരച്ചില്‍ തുടരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കന്‍ ജില്ലയിലെ നെഹ്‌റു വിഹാറില്‍ ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായത്. രണ്ടാം നിലയിലെ വീട്ടിലെ അടച്ചിട്ട റൂമിനുള്ളില്‍ സൂട്ട്‌കേസില്‍ സൂക്ഷിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടി മരണത്തോട് മല്ലിടുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വീട്ടുടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

ALSO READ: നിങ്ങളുടെ വീടിന്റെ ഡിജി പിന്‍ കണ്ടെത്തി സേവ് ചെയ്‌തോ?

പ്രതി മുറിയുടെ താക്കോല്‍ മനപൂര്‍വ്വം താഴേക്കെറിഞ്ഞ് പെണ്‍കുട്ടിയോട് അതെടുത്ത് വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. നേരത്തേയും സമാനമായ രീതിയില്‍ ഇയാള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു.

ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ 13 വയസുകാരിയായ കസിനാണ്. എന്നാല്‍, ഈ പെണ്‍കുട്ടി താക്കോല്‍ എടുത്ത് നല്‍കാന്‍ കൂട്ടാക്കാതെ നടന്നുപോവുകയായിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടി താക്കല്‍ എടുത്ത് കോണിപ്പടികള്‍ കയറിയെങ്കിലും ഇരുട്ടായതിനാല്‍ പേടിച്ച് തിരിച്ചുപോരുകയായിരുന്നു.

പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെയുള്ള ഒരു വീട്ടിലേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റിന്റെ രണ്ടാം നിലയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

പഠിക്കാന്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി ഒരു വര്‍ഷം മുമ്പാണ് ദയാല്‍പൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയത്. അവളെ ഡോക്ടറാക്കണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹമെന്ന് പിതാവ് പറഞ്ഞു. എന്നാല്‍, വരയിലും പെയ്ന്റിങിലും താല്‍പര്യമുണ്ടായിരുന്ന അവള്‍ക്ക് ആര്‍ട്ടിസ്റ്റാവണമെന്നായിരുന്നു മോഹം.

മറ്റുള്ളവരെ സഹായിക്കാനുള്ള അവളുടെ മനസ്സാണ് അയല്‍വാസിയുടെ ക്രൂരതയ്ക്ക് ഇരയാക്കിയതെന്നും പിതാവ് പറഞ്ഞു. പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ അവള്‍ പ്രതിഷേധിച്ച് നിലവിളിച്ചപ്പോഴായിരിക്കണം പ്രതി കൊലപ്പെടുത്തിയതെന്നും പിതാവ് പറഞ്ഞു.

News summary: Delhi: Rape accused tried to lure other girls to his house