ഫ്ളോറിഡ: മരണത്തിന്റെ വക്കിലെത്തി തിരികെ ജീവിതത്തിലേക്ക് വന്ന പലരുടെയും അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. (US women near death experience ) ചിലരെല്ലാം സെക്കന്റുകള്‍ക്ക് ശേഷമാണ് ജീവിതത്തിലേക്കു വന്നത്. എന്നാല്‍ എട്ടുമിനിറ്റ് ‘മരിച്ചതിന്’ ശേഷം ജീവിതത്തിലേക്ക് തിരികെ വന്നാലോ..?
|
അമേരിക്കന്‍ യുവതിയാണ് ക്ലിനിക്കല്‍ ഡെത്ത് സ്ഥിരീകരിച്ചതിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നതും അനുഭവം പങ്കിടുകയും ചെയ്തിരിക്കുന്നത്. കൊളറാഡോ സ്വദേശിയായ 33 വയസുള്ള ബ്രിയാന ലാഫെര്‍ട്ടി എന്ന യുവതിയാണ് അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.
അപൂര്‍വ ജനിതക മസ്തിഷ്ക രോഗമായ ‘മയോക്ലോണസ് ഡിസ്റ്റോണിയ’ ബാധിതയായിരുന്നു ബ്രിയാന. എട്ട് മിനിറ്റ് പള്‍സ്, ശ്വാസം, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ ബ്രിയാനക്ക് നഷ്ടമായെന്നും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നെന്നുമാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘മരണം ഒരു മിഥ്യയാണ്. കാരണം നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല, നമ്മുടെ ബോധം അപ്പോഴും നഷ്ടപ്പെടില്ല’..എന്നാണ് ബ്രിയാന തന്റെ ‘മരണ’ അനുഭവത്തെക്കുറിച്ച് പറയുന്നത്.
‘എന്റെ ഭൗതിക ശരീരത്തില്‍ നിന്ന് പെട്ടെന്നാണ് ഞാന്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ വേദനയുണ്ടായിരുന്നില്ല. സമാധാനത്തിന്റെയും വ്യക്തതയുടെയും ആഴത്തിലുള്ള ബോധം മാത്രമാണ് ഉണ്ടായിരുന്നത്. തയ്യാറാണോ എന്ന് ചോദിക്കുന്ന ഒരു ശബ്ദം കേട്ടു. പക്ഷേ പിന്നീട് എല്ലാം ഇരുണ്ടുപോയി’.യുവതി പറയുന്നു.
‘മനുഷ്യനായിരുന്നപ്പോള്‍ ഞാന്‍ എന്തായിരുന്നുവെന്നത് എനിക്ക് ആ സമയം ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല, പൂര്‍ണമായും നിശ്ചലനായിരുന്നു. എന്നിട്ടും എനിക്ക് പൂര്‍ണ ബോധത്തോടെ മുമ്പെന്നത്തേക്കാളും കൂടുതല്‍ എന്നെത്തന്നെ മനസിലാക്കാന്‍ സാധിച്ചു’- ബ്രിയാന പറഞ്ഞു.
അതേസമയം, ജീവിതത്തിലേക്ക് തിരിച്ചുവന്ന ബ്രിയാന ലാഫെര്‍ട്ടിക്ക് നടക്കാനും സംസാരിക്കാനും വീണ്ടും പഠിക്കേണ്ടി വന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മയോക്ലോണസ് ഡിസ്റ്റോണിയയ്ക്ക് കൃത്യമായ ചികിത്സയില്ല. രോഗലക്ഷണങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ഥമായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ തലച്ചോറിന്റെ പ്രത്യേക പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ന്യൂറോളജിക്കല്‍ പ്രതിഭാസങ്ങളാണ മരണത്തോടടുത്തുള്ള അനുഭവങ്ങള്‍ ഇത്തരം രോഗികളിലുണ്ടാകുന്നതെന്ന് ശാസ്ത്രീയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.


