യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ നോ കിങ്സ് എന്ന സംഘത്തിന്റെ പേരില്‍ നടത്തുന്ന പ്രതിഷേധം രാജ്യത്തുടനീളം പടരുന്നു. ആയിരക്കണക്കിന് പ്രതിഷേധ പരിപാടികളിലായി ദശലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്.
|
സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ ലോസാഞ്ചലസില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ വാഷിങ്ടണ്‍ ഡിസിയില്‍ ട്രംപിന്റെ നിര്‍ദേശ പ്രകാരം നടത്തിയ അപൂര്‍വ മിലിട്ടറി പരേഡിനെ നേരിടാനായിരുന്നു പ്രതിഷേധം. ലോസാഞ്ചലസ്, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ഫിലാഡെല്‍ഫിയ, ഹൂസ്റ്റന്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം ജനപ്രതിനിധികളും നേതാക്കളും പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്തു. അമേരിക്കന്‍ പതാകയും ട്രംപിനെതിരായ നിശിത വിമര്‍ശനങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധക്കാരെത്തിയത്.
യുഎസ് ആര്‍മിയുടെ 250ാം വാര്‍ഷികവും ട്രംപിന്റെ ജന്മദിനവുമായിരുന്ന ശനിയാഴ്ച വൈകീട്ടായിരുന്നു സൈനിക പരേഡ്. പരേഡ് സ്ഥലത്ത് പ്രതിഷേധമുണ്ടായാല്‍ കടുത്ത രീതിയില്‍ നേരിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോസാഞ്ചലസില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പിരിച്ചുവിട്ടത്.
ഉത്തയിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ പ്രതിഷേധക്കാരനു നേരെ വെടിവയ്പുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തില്‍ അക്രമിയെന്നു കരുതുന്നയാളടക്കം മൂന്നുപേരെ പിടികൂടി. അക്രമിക്കും വെടിയേറ്റതായി പോലീസ് മേധാവി ബ്രയാന്‍ റെഡ്ഡ് പറഞ്ഞു.


