20
Jun 2025
Fri
20 Jun 2025 Fri
kannur suicide

കണ്ണൂര്‍ കായലോട്ടെ റസീന ജീവനൊടുക്കിയത് സദാചാര വിചാരണയിലാണെന്ന ആരോപണം തള്ളി ബന്ധുക്കള്‍. റസീന ജീവനൊടുക്കാന്‍ കാരണം കാമുകനാണെന്ന് മാതാവ് വെളിപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മയ്യില്‍ സ്വദേശിയായ കാമുകന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തതാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. പൊലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളെന്നും ആത്മഹത്യ ചെയ്ത റസീനയുടെ മാതാവ് പറഞ്ഞു.

ആണ്‍സുഹൃത്ത് റസീനയുടെ ജീവിതം തകര്‍ത്തു. പണവും സ്വര്‍ണവും തട്ടിയെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണെന്നും റസീനയുടെ മാതാവ് പറഞ്ഞു.

ALSO READ: കണ്ണൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുക്കളടക്കം മൂന്ന് പേര്‍ പിടിയിലായി

അതേസമയം, സദാചാര ആക്രമണം തന്നെയെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്. പ്രതികള്‍ക്കെതിരെ ആത്മഹത്യ കുറിപ്പ് ഉള്‍പ്പടെ കൃത്യമായ തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് സദാചാര ആക്രമണമെന്നരോപിച്ച് റസീനയുടെ ആത്മഹത്യയില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീന മന്‍സിലിലെ റസീന എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പില്‍ നിന്നാണ് മരണത്തിന്റെ കാരണത്തെക്കുറിച്ച് സൂചന ലഭിച്ചതെന്നാണ് പോലസ് പറയുന്നത്.

പിന്നാലെ പിണറായി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് റസീന കാമുകനോട് സംസാരിച്ചുനില്‍ക്കുന്നത് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മയ്യില്‍ സ്വദേശിയായ കാമുകന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

സംഭവത്തില്‍ പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്‌നാസ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് വിവരമെന്ന് പറഞ്ഞ പൊലീസ്, അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചിരുന്നു.

സംഭവത്തില്‍ പാര്‍ട്ടിക്കെതിരേ ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചിരുന്നു.

ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കുടുംബാംഗങ്ങള്‍ കണ്ടിരുന്നു. കുടുംബക്കാരും വീട്ടുകാരും തന്നെ യുവതിയെ ഇവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

തുടര്‍ന്ന് മയ്യില്‍ സ്വദേശിയുടെയും യുവതിയുടെയും കുടുംബക്കാര്‍ വിഷയത്തില്‍ ഇടപെടുകയും പരസ്പരം സംസാരിച്ച് പിരിയുകയുമാണ് ചെയ്തത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.

എന്നാല്‍ മരണ ശേഷം പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തത് ഭരണകക്ഷി പാര്‍ട്ടിയുടെ സമ്മര്‍ദ്ദ ഫലമാണെന്നും എസ്ഡിപിഐ ചൂണ്ടിക്കാട്ടി.