19
Jun 2026
Fri
19 Jun 2026 Fri
kerala mission samudra project

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുമെന്ന് അവകാശപ്പെടുന്ന ബൃഹത്തായ ‘മിഷന്‍ സമുദ്ര’ പദ്ധതിയുമായി പുതിയ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട്. വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ മിഷന്‍ സമുദ്ര പദ്ധതിക്ക് 400 കോടി രൂപ വകയിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളമുള്ള തീരദേശത്തെയും തുറമുഖങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് സംസ്ഥാനത്തെ ഒരു ആഗോള മാരിടൈം ഹബ്ബാക്കി (Global Maritime Hub) മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക താല്പര്യപ്രകാരം വിഭാവനം ചെയ്ത ഈ സ്വപ്ന പദ്ധതിയിലൂടെ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് കേരളത്തില്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.

നിലവില്‍ ദുബൈയുടെ ജിഡിപിയുടെ 28 ശതമാനവും അവിടുത്തെ പോര്‍ട്ട് മേഖലയില്‍ നിന്നാണ് ലഭ്യമാകുന്നത്. സമാനമായ രീതിയില്‍ കേരളത്തിന്റെ കടല്‍ സമ്പത്തിനെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുകയാണ് വി.ഡി സതീശന്‍ മിഷന്‍ സമുദ്രയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എന്താണ് ബ്ലൂ ഇക്കോണമി (Blue Economy)?

പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് കടല്‍ വിഭവങ്ങളെ സുസ്ഥിരമായി പ്രയോജനപ്പെടുത്തുന്ന സാമ്പത്തിക മാതൃകയാണിത്. സുസ്ഥിര മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, മറൈന്‍ ബയോടെക്നോളജി, കപ്പല്‍ നിര്‍മ്മാണം, ഗ്രീന്‍ പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ചെലവ് കുറഞ്ഞ സമുദ്രപാതകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്കുഗതാഗത ചെലവ് ഗണ്യമായി കുറയും. ഇത് നിലവില്‍ ഇന്ത്യയില്‍ തന്നെ ഉയര്‍ന്ന നിരക്കിലുള്ള കേരളത്തിലെ പണപ്പെരുപ്പം (Inflation) നിയന്ത്രിക്കാന്‍ ഏറെ സഹായകരമാകും.

പദ്ധതി മൂന്ന് ഘട്ടങ്ങളായി:

കേരളത്തെ ഒരു സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള മിഷന്‍ സമുദ്ര പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് വിഭാവനം ചെയ്തിരിക്കുന്നത്:

ഒന്നാം ഘട്ടം: കേരളത്തിലെ വിഴിഞ്ഞം മുതല്‍ ബേപ്പൂര്‍ വരെയുള്ള ചെറുതും വലുതുമായ തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ച് തീരദേശ ചരക്കുഗതാഗതം ശക്തമാക്കും. തിരുവനന്തപുരം, കൊച്ചി തുറമുഖങ്ങള്‍ക്ക് പുറമെ ബേപ്പൂര്‍ തുറമുഖത്തിന്റെ സാധ്യതകളെയും ഇതിനായി പൂര്‍ണ്ണതോതില്‍ വികസിപ്പിക്കുമെന്ന് ബജറ്റില്‍ വി.ഡി സതീശന്‍ സൂചിപ്പിച്ചു. ഇത് തീരദേശ മേഖലകളില്‍ താമസിക്കുന്ന നിരവധി യുവാക്കള്‍ക്ക് വലിയ തൊഴിലവസരമൊരുക്കും.

രണ്ടാം ഘട്ടം: ക്രൂയിസ് ഷിപ്പിംഗ് യാഥാര്‍ത്ഥ്യമാക്കുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം സാധ്യതകള്‍ക്ക് തുടക്കമാകും.

മൂന്നാം ഘട്ടം: കടല്‍ വഴിയുള്ള ടൂറിസത്തെ കേരളത്തിലെ ഉള്‍നാടന്‍ നദികളുമായും കായലുകളുമായും ബന്ധിപ്പിക്കും. ഇതോടെ വിദേശ സഞ്ചാരികളുടെ വലിയൊരു ഒഴുക്ക് തന്നെ സംസ്ഥാനത്തേക്ക് ഉണ്ടാകും.

റോഡുകളിലെ തിരക്ക് പകുതിയായി കുറയും

മിഷന്‍ സമുദ്ര യാഥാര്‍ത്ഥ്യമാകുന്നതോടെ നിലവില്‍ റോഡ് മാര്‍ഗ്ഗം നടക്കുന്ന ചരക്കുഗതാഗതത്തിന്റെ 50 ശതമാനമെങ്കിലും സമുദ്രപാതയിലേക്ക് മാറുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇത് സംസ്ഥാനത്തെ റോഡുകളിലെ കനത്ത തിരക്കും വാഹന അപകടങ്ങളും വായുമലിനീകരണവും ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിന്‍ പോര്‍ട്ട്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയ്ക്ക് പുറമെ 17 ചെറുകിട തുറമുഖങ്ങളും വിപുലമായ കായല്‍ ശൃംഖലയും ഉണ്ടായിട്ടും ഇത്രയും കാലം ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞിരുന്നില്ല. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലകളെ ബന്ധിപ്പിച്ച് പ്രത്യേക വികസന കോറിഡോറുകള്‍ രൂപീകരിക്കുന്നതോടെ ഗ്രാമീണ മേഖലകളില്‍ പോലും വലിയ സാമ്പത്തിക ഉണര്‍വുണ്ടാകും.