21
Jun 2026
Fri
21 Jun 2026 Fri
Oommen Chandy Health Insurance Scheme

ചികില്‍സാ ചെലവുകള്‍ കുതിച്ചുയരുന്ന കേരളത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായി യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’ പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കായി സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയതായി ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയിച്ചു. വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രിയദര്‍ശിനി പദ്ധതിക്ക് 600 കോടി

കൂടാതെ, പ്രിയദര്‍ശിനി പദ്ധതിക്കായി 600 കോടി രൂപയും ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായുള്ള പ്രത്യേക പദ്ധതികള്‍ക്കൊപ്പം ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപയും അനുവദിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന പാല്‍ ഉല്‍പ്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദേശ പഠനത്തിന് തടയിടാന്‍ ‘കേരള നോളജ് വാലി’

കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിനായി വന്‍തോതില്‍ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് തടയിടാന്‍ ലക്ഷ്യമിട്ട് ‘കേരള നോളജ് വാലി’ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി ആകെ 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ലോകത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സര്‍വ്വകലാശാലകളുമായും സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യം കേരളത്തില്‍ തന്നെ ഉറപ്പാക്കാന്‍ നോളജ് വാലി പദ്ധതി സഹായിക്കും.

ഇതിനായി പ്രത്യേക മികവിന്റെ കേന്ദ്രങ്ങള്‍ (Centres of Excellence) സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സര്‍വ്വകലാശാല ബില്ലില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനമുണ്ട്.

Kerala government announced the “Oommen Chandy Health Insurance Scheme