അമേരിക്ക നേരിട്ട് ഇടപെടുകയോ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിക്കുകയോ ചെയ്താല്‍ ഹിസ്ബുല്ലയും യുദ്ധക്കളത്തിലേക്കിറങ്ങുമെന്ന് റിപോര്‍ട്ട്. (Khamenei assassination could draw Hezbollah into Israel-Iran hostilities)
|
എങ്ങിനെയാണ് സ്വയം പ്രതിരോധിക്കേണ്ടതെന്ന് ഇറാന് അറിയാമെന്നും ഹിസ്ബുല്ല ഇസ്രായേലിനെതിരേ ആക്രമണം നടത്തില്ലെന്നും ഹിസ്ബുല്ല പ്രതിനിധികളെ ഉദ്ധരിച്ച് നേരത്തേ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതിന് ചില നിയന്ത്രണ രേഖകള്‍ ഹിസ്ബുല്ല വച്ചിട്ടുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ റിപോര്‍ട്ടില്‍ പറയുന്നു.
അമേരിക്ക നേരിട്ട് ഇടപെടുകയോ ഖാംനഇയെ കൊലപ്പെടുത്തുകയോ ചെയ്താല്‍ ഹിസ്ബുല്ല ഈ തീരുമാനം മാറ്റുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഏത് രീതിയിലായിരിക്കും ഹിസ്ബുല്ലയുടെ ഇടപെടലെന്ന് വ്യക്തമല്ല.
ALSO READ: കണ്ണൂരില്‍ യുവതി ജീവനൊടുക്കിയത് സദാചാര വിചാരണയില്‍ അല്ലെന്ന് മാതാവ്; മരണത്തിനുത്തരവാദി കാമുകന്‍
നിലനില്‍പ്പിനുള്ള പോരാട്ടമായാണ് നിലവിലുള്ള യുദ്ധത്തെ ഹിസ്ബുല്ല കാണുന്നത്. ഖാംനഇയുടെ മരണം ഹിസ്ബുല്ലയുടെ നിലനില്‍പ്പിനെ ബാധിക്കില്ലെന്ന് ലബനീസ് സുരക്ഷാ വിദഗ്ധനായ അലി റിസ്‌ക് പറഞ്ഞു. എന്നാല്‍, ഇറാന്‍ നശിക്കുന്നത് ഹിസ്ബുല്ലയ്ക്ക് വലിയ ഭീഷണിയാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ ഹിസ്ബുല്ല രണ്ടും കല്‍പ്പിച്ച് കളത്തിലിറങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശിയായിസവും വിലായത്തുല്‍ ഫഖീഹും(ഇസ്ലാമിക പണ്ഡിതനാല്‍ നയിക്കപ്പെടുന്ന സര്‍ക്കാര്‍) ഹിസ്ബുല്ലയെയും ഇറാനെയും ആശയപരമായി ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഗസയിലും സിറിയയിലും ചെയ്തതിന് സമാനമായി ഇറാനൊപ്പം പൊരുതാന്‍ ഹിസ്ബുല്ല ഇറങ്ങിയേക്കുമെന്നാണ് കരുതുന്നത്. 2023 ഒക്ടോബര്‍ 7ന് പിന്നാലെ ഗസയിലെ ഫലസ്തീനികള്‍ക്ക് പിന്തുണയുമായി ഹിസ്ബുല്ല രംഗത്തെത്തിയിരുന്നു.
ഒരു വര്‍ഷത്തോളം ഇത് അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള വെടിവയ്പ്പും ഡ്രോണ്‍ ആക്രമണവും മാത്രമായി ഒതുങ്ങിയിരുന്നു. എന്നാല്‍, കഴിഞ്ഞ സപ്തംബറില്‍ പേജര്‍ ആക്രമണത്തിലൂടെയും ശക്തമായ ബോംബിങിലൂടെയും ഇസ്രായേല്‍ ഹിസ്ബുല്ലയെ തളര്‍ത്തി. 3,900ഓളം പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹസന്‍ നസ്‌റുല്ല ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടതോടെ ഹിസ്ബുല്ല അനുരഞ്ജനത്തിന്റെ വഴി തേടുകയായിരുന്നു.
ലോകത്തെ തന്നെ ഏറ്റവും വലിയ സര്‍ക്കാരേതര സായുധ സംഘടനയാണ് ഹിസ്ബുല്ല. ഡ്രോണുകള്‍, റോക്കറ്റുകള്‍, ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരം ഹിസ്ബുല്ലയുടെ കൈയിലുണ്ട്. ഇതില്‍ വലിയൊരു ഭാഗവും ഭൂമിക്കടിയില്‍ ആഴത്തിലുള്ള തുരങ്കങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഈയിടെ ഇസ്രായേലുമായി നടന്ന യുദ്ധത്തിന് ശേഷം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകളുടെ സഹായത്തോടെ ഹിസ്ബുല്ലയില്‍ ഘടനാപരമായ നിരവധി മാറ്റങ്ങള്‍ വരുത്തയിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. സംഘടനയുടെ പുനര്‍നിര്‍മാണത്തില്‍ റവല്യൂഷനറി ഗാര്‍ഡ് കാര്യമായ പങ്കുവഹിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ ഹിസ്ബുല്ലയുടെ ഇനിയങ്ങോട്ടുള്ള ഓരോ തീരുമാനങ്ങളും റവല്യൂഷനറി ഗാര്‍ഡുമായി ആലോചിച്ചായിരിക്കും. ഇസ്രായേലുമായി ഒരു വര്‍ഷം നീണ്ട യുദ്ധത്തിലേര്‍പ്പെട്ടെങ്കിലും ഹിസ്ബുല്ലയുടെ പോരാട്ട ശേഷിക്കും ആയുധ ശേഖരത്തിനും കാര്യമായ ക്ഷീണമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് കണക്കാക്കുന്നത്.


