17
Jun 2025
Sun
17 Jun 2025 Sun
Lulu group's IT Twin Tower opened in Kakkanad Smart City

കാക്കനാട് സ്മാര്‍ട്ട് സിറ്റിയില്‍ 1500 കോടി രൂപ ചെലവഴിച്ച് ലുലു ഗ്രൂപ്പ് നിര്‍മിച്ച ഐടി ട്വിന്‍ ടവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ ഐടി വികസത്തിന് വേഗം പകരുകയാണ് ലുലു ട്വിന്‍ ടവര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള ടെക് കമ്പനികളുടെ പ്രവര്‍ത്തനം കൊച്ചിയില്‍ വിപുലമാക്കാന്‍ പദ്ധതി വഴിവയ്ക്കും. വൈവിധ്യമാര്‍ന്ന വ്യവസായ സംരംഭങ്ങളാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയെ വ്യത്യസ്തനാക്കുന്നത്. ചില്ലറ വില്‍പ്പനകേന്ദ്രങ്ങളുടെ ഒരു ആഗോള വ്യവസായശൃംഖല സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. ഇതുവഴി കേരളീയ തൊഴിലന്വേഷകര്‍ക്ക് വലിയ സഹായമാണ് ലഭിക്കുന്നത്. വ്യവസായവത്കരണത്തിന് യൂസഫലിയെ പോലുള്ളവരുടെ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം നാട് ആഗ്രഹിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞ് കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍ഫോപാര്‍ക്ക് ഫേസ് ടൂവില്‍ ലുലു ഗ്രൂപ്പിന്റെ 500 കോടിയുടെ പുതിയ നിക്ഷേപമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൂന്നരയേക്കര്‍ സ്ഥലത്ത് 9.5 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കാംപസ് 7,500 പ്രഫഷണലുകള്‍ക്ക് ജോലി നല്‍കും. പദ്ധതിക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമ്പാദ്യത്തിന് വേണ്ടിയല്ല, അടുത്ത തലമുറയ്ക്കുവേണ്ടിയാണ് ലുലു ഗ്രൂപ്പിന്റെ ഐടി മേഖലയിലെ നിക്ഷേപങ്ങളെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിനായാണ് ഇത്രവലിയ നിക്ഷേപം കൊച്ചിയില്‍ നടത്തിയത്. മികച്ച പ്രതിഭയുള്ള കുട്ടികള്‍ക്ക് നാട്ടില്‍തന്നെ ജോലി എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായമന്ത്രി പി. രാജീവ്, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന്‍ എംപി, ഉമാ തോമസ് എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള, കൗണ്‍സിലര്‍ അബ്ദു ഷാന, ബിജെപി സംസ്ഥാന അധ്യക്ഷനും ഐടി ഇലക്ട്രോണിക്‌സ് കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖര്‍, ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ. അഷറഫ് അലി, ലുലു ഐടി പാര്‍ക്ക് ഡയറക്ടറും സിഇഒയുമായ അഭിലാഷ് വലിയവളപ്പില്‍, ലുലു ഗ്രൂപ്പ് ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍മാരായ മുഹമ്മദ് അല്‍ത്താഫ്, എം.എ. സലിം, വ്യവസായരംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ALSO READ: 1500 കോടി ചെലവില്‍ നിര്‍മിച്ച ലുലു ട്വിന്‍ ടവര്‍ ഉദ്ഘാടനം 28ന്