18
Jun 2025
Thu
18 Jun 2025 Thu
1500 crore rupees worth Lulu twin tower will open on June 28

കാക്കനാട് സ്മാര്‍ട്ട് സിറ്റിയില്‍ ലുലു ഗ്രൂപ്പ് നിര്‍മിച്ച ലുലു ഐടി ട്വിന്‍ ടവറുകള്‍ ഈ മാസം 28ന് തുറക്കും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ അധ്യക്ഷനാകും. മന്ത്രിമാരായ പി രാജീവ്, ജി ആര്‍ അനില്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫിസ് സമുച്ചയമാണ് ട്വിന്‍ ടവറിലേത്. 1,500 കോടിയിലേറെ രൂപയുടെ മുതല്‍മുടക്കിലാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. ഓരോ ടവറിലും 30 നിലകള്‍ വീതമുണ്ട്.

ഇതിനകം ടവറില്‍ നാല് അന്താരാഷ്ട്ര കമ്പനികള്‍ ഓഫിസ് സ്‌പേസ് ഏറ്റെടുത്തതായി ലുലു ഐടി ഇന്‍ഫ്രാബില്‍ഡ് ഡയറക്ടറും സിഇഒയുമായ അഭിലാഷ് വലിയവളപ്പില്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ ശേഷിക്കുന്ന 80 ശതമാനത്തോളം ഓഫിസ് സ്‌പേസിലും കമ്പനികളെയെത്തിക്കും. അടുത്ത മൂന്നു വര്‍ഷത്തിനകം അരലക്ഷം ഐടി പ്രഫഷണലുകള്‍ക്ക് ലുലുവിന്റെ വിവിധ ഐടി പാര്‍ക്കുകളിലൂടെ സൗകര്യമുണ്ടാകുമെന്ന് ലുലു ഐടി പാര്‍ക്‌സ് ഡയറക്ടര്‍ ആന്‍ഡ് സിഒഒ അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു.

ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം എ നിഷാദ്, ഡയറക്ടര്‍ ഫഹാസ് അഷറഫ്, സിഒഒ രജിത്ത് രാധാകൃഷ്ണന്‍, മീഡിയ ഹെഡ് എന്‍ ബി സ്വരാജ്, ലുലു ഐടി പാര്‍ക്‌സ് സിഎഫ്ഒ മൂര്‍ത്തി ബുഗാട്ട എന്നിവര്‍ പങ്കെടുത്തു.

ALSO READ: കേരളത്തില്‍ 5000 കോടിയുടെ തൊഴില്‍ നിക്ഷേപവുമായി ലുലു