അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണതില്‍ ദുരൂഹത വര്‍ധിക്കുന്നു. (Did the captain turn off the plane’s fuel switches? Mystery grows over Ahmedabad plane crash) സീനിയര്‍ പൈലറ്റിനെ സംശയനിഴലിലാക്കി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ റിപ്പോര്‍ട്ട്. ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍.
|
വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ (ഫ്യുവല്‍ സ്വിച്ചുകള്‍) ഓഫ് ചെയ്തത് സീനിയര്‍ പൈലറ്റായ ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ ആണെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അമേരിക്കന്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങളെ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലും റോയിട്ടേഴ്സും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍പ്പെട്ട ബോയിംഗ് 787 വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എഎഐബി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് യാന്ത്രികമായി സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും മനുഷ്യ ഇടപെടല്‍ കൊണ്ടാവാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
ALSO READ: നിമിഷപ്രിയയുടെ ക്രെഡിറ്റ് എടുക്കാന്‍ ബഹളം വയ്ക്കുന്നവര്‍ ഷഹ്സാദി ഖാനെ അറിയുമോ?
ഇതോടൊപ്പം ബ്ലാക് ബോക്സ് പരിശോധിച്ചപ്പോള്‍, കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ നിന്നുള്ള ശബ്ദരേഖകളില്, ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റന്‍ സുമിത് സബര്‍വാളിനോട്, എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേള്‍ക്കാം. ഇതിന് മറുപടിയായി, ‘ഞാനല്ല ചെയ്തത്’ എന്ന് ക്യാപ്റ്റന്‍ പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത് ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ആയിരുന്നു. ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ നിരീക്ഷകന്റെ റോളിലായിരുന്നു.
ഇന്ധന സ്വിച്ച് ഓഫ് ആയിരുന്നുവെന്നും അത് ആരോ മനപൂര്‍വ്വം ഓഫ് ചെയ്തതാണെന്നുമാണ് ഈ സംഭാഷണം സൂചിപ്പിക്കുന്നത്. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ ബോയിംഗ് 787-8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ എന്‍ജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരും ജീവനക്കാരും നിലത്തുണ്ടായിരുന്നവരും ഉള്‍പ്പെടെ മരിച്ചു.


