2025 ഫെബ്രുവരി 14 ന് യു.എ.ഇ.ജയിലില്‍ നിന്ന് അവള്‍ ഉപ്പയെ വിളിച്ചു. നാളെ തന്റെ വധശിക്ഷ നടപ്പാക്കുന്നുവെന്നറിഞ്ഞതിന്റെ സങ്കടത്തില്‍ ‘പ്രാര്‍ത്ഥിക്കണേ ഉപ്പാ…’ എന്ന് പറയാന്‍. (Do those who are clamoring to take credit for Nimisha Priya know Shahzadi Khan?)
|
33 വയസ്സുള്ള മകളെ കൊല്ലുമെന്നറിഞ്ഞ് അയാള്‍ വീടുവിട്ടോടി.
അധികാരികളുടെ വാതിലുകളില്‍ മുട്ടി. ഇന്ത്യന്‍ എംബസി.
അന്വേഷിക്കുന്നു എന്നായിരുന്നു മറുപടി.
ഒടുവില്‍ 14 ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 28ന് മറുപടി കിട്ടി; അവളെ കൊന്നു.
ഇത് ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ നിന്നുള്ള 33 കാരിയായ ഷഹ്‌സാദി ഖാന്റെ ദുരന്ത കഥ. നിമിഷപ്രിയക്ക് വേണ്ടി ഒരു രാജ്യം മുഴുവന്‍ എല്ലാ വാതിലുകളും മുട്ടുമ്പോള്‍, ഷബ്ബീര്‍ ഖാന്‍ എന്ന പിതാവ് ഒറ്റയ്ക്ക് ഓടിത്തളര്‍ന്ന് വീണതും നമ്മളറിയണം. നിമിഷപ്രിയയുടെ വധശിക്ഷ തല്‍ക്കാലം മാറ്റിവച്ചതിന്റെ ക്രെഡിറ്റ് എടുക്കാന്‍ ബഹളം വയ്ക്കുന്നവര്‍ ആരുമറിയാതെ പോവുന്ന ഇത്തരം പാവങ്ങളുടെ കാര്യം കൂടി ഓര്‍ക്കണം.
തന്റെ പരിചരണത്തിലിരുന്ന കുട്ടിയെ കൊലപ്പെടുത്തിയെന്നതായിരുന്നു ഷഹ്‌സാദിക്കെതിരായ കേസ്. എന്നാല്‍, വാക്‌സിന്‍ കുത്തിവച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലമാണ് കുട്ടി മരിച്ചതെന്നാണ് ഷഹ്‌സാദിയുടെ കുടുംബം പറയുന്നത്.
യുഎഇ കോടതി വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് അവര്‍ അല്‍ വത്ബ ജയിലില്‍ തടവിലായിരുന്നു. കഴിഞ്ഞ വര്‍ഷം, ഷെഹ്സാദിയുടെ പിതാവ് ഷബ്ബീര്‍ ഖാന്‍, യുഎഇ ഭരണകൂടത്തിനും, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തന്റെ മകളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തുകള്‍ നല്‍കിയിരുന്നു. എന്നാല്‍, കാര്യമായ ഇടപെടലുകളൊന്നും ആരുടെ ഭാഗത്ത് നിന്നുമുണ്ടായില്ല.
ഷഹ്‌സാദി എങ്ങനെയാണ് യുഎഇയില്‍ എത്തിയത്? അവളെ ശിക്ഷിക്കാന്‍ കാരണമെന്തായിരുന്നു?

2021-ലാണ് ഷഹ്‌സാദി ഖാന്റെ അബുദാബിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ ഗൊയ്‌റ മുഗ്ലി ഗ്രാമത്തില്‍ താമസിക്കുന്ന അവര്‍ കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത് ‘റോട്ടി ബാങ്ക് ഓഫ് ബന്ദ’ എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ സമയത്താണ് ആഗ്രയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസുകാരനുമായ ഉസൈറുമായി ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ചത്. കുട്ടിക്കാലത്ത് തിളച്ച വെള്ളം അബദ്ധത്തില്‍ അവളുടെ ദേഹത്ത് വീണപ്പോള്‍ ഉണ്ടായ ഗുരുതരമായ പൊള്ളലിനുള്ള വൈദ്യചികിത്സ ഉള്‍പ്പെടെ ഉസൈര്‍ അവള്‍ക്ക് വാഗ്ദാനം ചെയ്തു.
‘യുഎഇയില്‍ അവള്‍ക്ക് മികച്ച വൈദ്യചികിത്സയും സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ ഒരു ജോലിയും ലഭിക്കുമെന്ന് ഉസൈര്‍ അവളോട് പറഞ്ഞു. തന്റെ അമ്മാവനും അമ്മായിയും അബുദാബിയില്‍ താമസിക്കുന്നുണ്ടെന്നും. അവര്‍ അവിടെ ഉള്ളിടത്തോളം കാലം അവള്‍ക്ക് അവിടെ ജോലി ചെയ്യാമെന്നും ഉസൈര്‍ അവളോട് പറഞ്ഞു.
പക്ഷേ കര്‍ഷകനായ അവളുടെ പിതാവിന് മകളെ യുഎഇയിലേയ്ക്ക് അയക്കാന്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ‘വിസ 90 ദിവസത്തേക്ക് മാത്രമേ ഉള്ളൂവന്നും അതിനുശേഷം അവള്‍ക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാമെന്ന് ഉസൈര്‍ ഉറപ്പും നല്‍കി.
മകളെ ബോണ്ടഡ് ലേബറായി വിറ്റു

എന്നാല്‍ 2021 നവംബറില്‍ അബുദാബിയില്‍ എത്തിയപ്പോഴാണ് തന്റെ മകളുടെ വിസ ആറ് മാസത്തേക്കാണെന്ന് മനസ്സിലായതെന്ന് പിതാവ് പറയുന്നു. കൂടാതെ വിവാഹിതരായ ഫൈസ്, നാദിയ എന്നീ ദമ്പതികള്‍ക്ക് ഒരു വലിയ തുകയ്ക്ക് ബോണ്ടഡ് ലേബറായി തന്നെ ‘വിറ്റ’തായും അവര്‍ മനസ്സിലാക്കി.
നാല് മാസം പ്രായമുള്ള കുഞ്ഞിനെ പരിപാലിക്കുക എന്നതായിരുന്നു ഷഹ്സാദിയുടെ പ്രാഥമിക ഉത്തരവാദിത്തം. ഭക്ഷണവും താമസസൗകര്യവും ഉണ്ടെന്ന് തങ്ങളോട് മകള്‍ പറഞ്ഞതായി പിതാവ് പറയുന്നു. ‘എന്നാല്‍ പിന്നീട് പത്ത് ദിവസത്തേക്ക് അവളില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നില്ല. തിരിച്ച് വിളിക്കുമ്പോള്‍ ഒരു പ്രതികരണവും ഉണ്ടായതുമില്ലെന്ന് പിതാവ് പറയുന്നു.
എന്താണ് സംഭവിച്ചത്?
2022 ഫെബ്രുവരിയില്‍, ഷഹസാദിയുടെ സംരക്ഷണയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചപ്പോള്‍ അവര്‍ ജോലി ചെയ്തിരുന്ന ദമ്പതികള്‍ ഉടന്‍ തന്നെ അവരുടെ കുട്ടിയുടെ മരണത്തിന് ഉത്തരവാദി അവളാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായി ഷഹ്‌സാദി അറസ്റ്റിലാവുകയും ഒടുവില്‍ അബുദാബി കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
കോടതി രേഖകള്‍ പ്രകാരം, ‘ഒരു നിമിഷത്തിന്റെ ആവേശത്തില്‍’ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് ഷഹസാദിക്കെതിരെ ചുമത്തിയ കുറ്റം. ശമ്പളം നല്‍കാത്തതില്‍ അവള്‍ അസ്വസ്ഥയാണെന്നും അവളുടെ ദേഷ്യം കുഞ്ഞിനോടാണ് പ്രകടിപ്പിച്ചതെന്നും കുഞ്ഞിന്റെ മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കുട്ടിയുടെ മരണം മെഡിക്കല്‍ അശ്രദ്ധ മൂലമാണെന്ന് ഷഹ്‌സാദിയും അവളുടെ പിതാവും വാദിച്ചു. ആ ദിവസം കുഞ്ഞിന് വാക്സിന്‍ നല്‍കിയിരുന്നുവെന്നും പനി ഉണ്ടായിരുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു.
ALSO READ: നിമിഷപ്രിയയും അജ്മല്‍ കസബും ഒരുപോലെ; കുറ്റം ചെയ്തവര്‍ അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ വേണം- കാസ
ഷഹ്‌സാദിയുടെ അവസാന കോള്‍
ഫെബ്രുവരി 16 ന്, ഷഹ്സാദിയുടെ കുടുംബത്തിന് ദുബായില്‍ നിന്ന് ഒരു ദുഃഖകരമായ ‘അവസാന’ കോള്‍ ലഭിച്ചു. തന്നെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ജയില്‍ ക്യാപ്റ്റന്‍ തൂക്കിലേറ്റുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഷെഹ്സാദിയ വീട്ടുകാരെ അറിയിച്ചു.
വളരെക്കാലമായി, ഷഹ്‌സാദിയുടെ മാതാപിതാക്കള്‍ അവളുടെ തിരിച്ചുവരവിനായി തീവ്രമായി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം, മകളുടെ നിരപരാധിത്വം ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ സര്‍ക്കാരിനും പ്രസിഡന്റിനും കത്തെഴുതി. കുഞ്ഞിന്റെ മരണത്തില്‍ തന്റെ മകളെ മനഃപൂര്‍വ്വം കുടുക്കിയതാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഷബ്ബീര്‍ തന്റെ കത്തില്‍ ആവശ്യപ്പെട്ടു. ഉസൈറിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 14ന് വന്ന അവരുടെ ‘അവസാന ഫോണ്‍ കോളിന്’ ശേഷം, 24 മണിക്കൂറിനുള്ളില്‍ അവരെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഫെബ്രുവരി 15ന് വധശിക്ഷ നടപ്പാക്കിയെങ്കിലും ഇന്ത്യന്‍ എംബസിയില്‍ വിവരമറിയിക്കുന്നത് ഫെബ്രുവരി 28നാണ്.
മൃതദേഹം പോലും കാണാനാവാതെ
ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്ന് സംസ്‌കാരം യുഎഇയില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇ അനുമതി നല്‍കിയെങ്കിലും സാമ്പത്തിക പരിമിതി മൂലം പങ്കെടുക്കാന്‍ ആകില്ലെന്ന് കുടുംബം അറിയിച്ചു. മകള്‍ നിരപരാധിയാണെന്നും മകള്‍ക്ക് നീതി ലഭിച്ചില്ലെന്നും ഷഹസാദിയുടെ പിതാവ് പറഞ്ഞു.
ഷഹ്‌സാദിയെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടമോ ഏതെങ്കിലും സംഘടനകളോ കാര്യമായൊന്നും ചെയ്തില്ല. മൃതദേഹം വിട്ടുകിട്ടുന്നതിന് ശ്രമങ്ങള്‍ നടന്നില്ല. മകളുടെ മൃതദേഹം അവസാനമായൊന്ന് കാണാനുള്ള ആ പിതാവിന്റെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പോലും ആരും മുന്നോട്ട് വന്നില്ല.


