20
Aug 2025
Fri
20 Aug 2025 Fri
Padmanabhaswamy temple

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് വീണ്ടും ആവശ്യം ഉയരുന്നു. ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നത് ചര്‍ച്ചയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ തന്ത്രി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഭരണ സമിതി തീരുമാനം എടുക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചത്. നിലവില്‍, വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു വരികയാണ്.

ഒരിടവേളക്ക് ശേഷം വീണ്ടും ചര്‍ച്ച ബി നിലവറയിലേക്ക് കടക്കുകയാണ്. മുറജപവും വിഗ്രഹത്തിലെ അറ്റകുറ്റപ്പണിയും ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നലത്തെ സംയുക്ത യോഗം. ഭരണസമിതിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയാണ് ബി നിലവറ തുറക്കല്‍ ഉന്നയിച്ചത്. തുറക്കലില്‍ തീരുമാനം ഭരണസമിതിക്ക് കൈക്കൊള്ളാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

ALSO READ: ആലുവയില്‍ അമ്മയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ മകന്‍ അറസ്റ്റില്‍

യോഗത്തില്‍ രാജകുടുംബ പ്രതിനിധിയായി ഉണ്ടായിരുന്നത് ആദിത്യവര്‍മ്മയായിരുന്നു. തുറക്കല്‍ ആചാരപരമായ കാര്യം കൂടിയായതിനാല്‍ തന്ത്രിമാരുടെ അഭിപ്രായം തേടാന്‍ തീരുമാനിക്കുകയായിരുന്നു.

ആചാരപ്രശ്‌നം ഉയര്‍ത്തിയാണ് ബി നിലവറ തുറക്കലിനെ തുടക്കം മുതല്‍ രാജകുടുംബം എതിര്‍ത്തത്. തന്ത്രിമാരുടെ നിലപാട് അറിഞ്ഞശേഷം വീണ്ടും ഭരണസമിതി ചര്‍ച്ച ചെയ്താകും ബി നിലവറ തുറക്കലില്‍ അന്തിമതീരുമാനം എടുക്കുക. 2011ലാണ് സുപ്രിം കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ എ അടക്കമുള്ള നിലവറകള്‍ തുറന്നത്.

എ തുറന്നപ്പോള്‍ വിദഗ്ധസമിതി കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന നിധി ശേഖരമായിരുന്നു. എ യില്‍ നിന്ന് കിട്ടിയതിന്റെ പതിന്മടങ്ങ് അപൂര്‍വ്വ ശേഖരം ബി നിലവറയില്‍ ഉണ്ടെന്നാണ് അന്നേ പറഞ്ഞു കേട്ടത്.

2011 ല്‍ തന്നെ ബി നിലവറ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വിദഗ്ധസമിതി അംഗം ജസ്റ്റിസ് സിഎസ് രാജന്റെ കാല്‍ മുറിഞ്ഞ് നിലവറയില്‍ രക്തം പൊടിഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബി നിലവറയെ പറ്റിയുള്ളത് പലതരം ഐതിഹ്യങ്ങളും കേട്ടുകേള്‍വികളുമാണ്.

കാവലായി പാമ്പുകള്‍, രണ്ടിലേറെ തട്ടില്‍ നിലവറ. തുരങ്കപാത അങ്ങിനെ അങ്ങിനെ നീളുകയാണ്. ബി ഒരിക്കലും തുറന്നില്ലെന്നാണ് ഒരുവാദം. എന്നാല്‍ രണ്ട് വട്ടം തുറന്നെന്ന് സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.