15
Sep 2025
Wed
15 Sep 2025 Wed
israel attack in qatar

ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ കത്താറയില്‍ ഇന്നലെ ഇസ്രായേല്‍ ആക്രമണം നടന്നത് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവേ. അമേരിക്ക മുന്നോട്ട് വച്ച സമാധാന കരാര്‍ നിര്‍ദേശങ്ങളില്‍ ഹമാസ് നേതാക്കള്‍ ചര്‍ച്ച നടത്തുന്ന വേളയിലാണ് ആക്രമണം നടന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ജാസിം ആല്‍ഥാനി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഭീരുത്വപരമായ’ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു, ആക്രമണത്തെക്കുറിച്ച് അമേരിക്കയില്‍ നിന്ന് മുന്‍കൂട്ടി മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും ഖത്തര്‍ വ്യക്തമാക്കി.

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ ഖാലിദ് അല്‍-ഹയ്യയുടെ മകനും അടുത്ത സഹായിയും ഉള്‍പ്പെടുന്നു. പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നും ഹമാസ് വ്യക്തമാക്കി. ഇതിന് പുറമേ ഒരു ഖത്തരി സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്.

ALSO READ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിനു നേരെ ഇസ്രായേല്‍ ആക്രമണം

അധിനിവേശത്തിന്റെ ക്രിമിനല്‍ സ്വഭാവവും ഒരു കരാറിലെത്താനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്താനുള്ള ഇസ്രായേലിന്റെ ആഗ്രഹവും വെളിപ്പെടുത്തുന്നതാണ് ആക്രമണമെന്നും ഹമാസ് കുറ്റപ്പെടുത്തി.

ഭരണകൂട ഭീകരത
ഇസ്രായേലിന്റെ ആക്രമണങ്ങളെ ‘ഭരണകൂട ഭീകരത’ എന്നാണ് ഖത്തര്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

ഈ മേഖലയിലെ ‘തെമ്മാടി’ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയെ കുഴപ്പങ്ങളിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമാധാന കരാറില്‍ ഇസ്രായേലിന് താല്‍പര്യമില്ല. പകരം ഈ മേഖലയെ അസ്ഥിരപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇസ്രായേല്‍ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക മുന്നോട്ട് വെച്ച സമാധാന നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ ഹമാസ് പോളിറ്റ് ബ്യൂറോ ടീം യോഗം ചേരുന്ന സമയത്താണ് ഇസ്രായേല്‍ ഈ ആക്രമണം നടത്തിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇസ്രായേലിന്റെ ഈ ആക്രമണത്തിന് ശേഷം സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാന്‍ വളരെ കുറഞ്ഞ സാധ്യത മാത്രമേയുള്ളൂവെന്നും ഇസ്രായേലുമായി സമാധാന കരാറിനെക്കുറിച്ച് നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

ഇതിനിടെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥരീകരിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രായേല്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്.