പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക കൊണ്ടുവന്ന പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം കേരളത്തിലെ ലക്ഷക്കണക്കിന് മുന്‍ പ്രവാസികള്‍ക്ക് ലഭിക്കില്ല. നാട്ടില്‍ തിരിച്ചെത്തിയിട്ടുള്ള 14 ലക്ഷത്തോളം പ്രവാസികളാണ് പുറത്താവുക.
|
രോഗം കൊണ്ടും ജോലിയില്ലാതെയും നാട്ടില്‍ തിരിച്ചെത്തിയ മുന്‍ പ്രവാസികളാണ് ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നത്. നിലവില്‍ വിദേശത്തുള്ളവര്‍ക്കും കേരളത്തിന് പുറത്തുള്ള മറുനാടന്‍ മലയാളികള്‍ക്കും മാത്രമാണ് അംഗത്വം.
തിരിച്ചുവന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ല എന്നതും മറ്റൊരു വെല്ലുവിളിയാണ്. നാട്ടിലെ പ്രവാസികള്‍ക്കും ഈ കാര്‍ഡ് നല്‍കണമെന്ന് പ്രവാസിസംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
മാത്രമല്ല, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇന്ത്യയില്‍ വന്ന് ചികിത്സ തേടണമെന്നത് മറ്റൊരു വെല്ലുവിളിയാണ്. പ്രായം കൊണ്ടും ആരോഗ്യ പ്രശ്‌നം കാരണവും ഇന്‍ഷുറന്‍സിന് അര്‍ഹരായ ഒരു വിഭാഗമാണ് പ്രവാസികളുടെ രക്ഷിതാക്കള്‍. എന്നാല്‍, നോര്‍ക്ക കെയറിന്റെ പരിരക്ഷയില്‍ വിദേശത്തെ പ്രവാസികളുടെ രക്ഷിതാക്കളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഫലത്തില്‍ പ്രവാസികളുടെ ഭാര്യയ്ക്കും മക്കള്‍ക്കും മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ALSO READ: ബ്രിട്ടന്‍ ഇന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും; ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെടുന്നു
വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് തൊഴില്‍ പെര്‍മിറ്റിനോടൊപ്പം അതത് രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. അതിനാല്‍ അവിടത്തെ ആരോഗ്യപരിരക്ഷ അവര്‍ക്കു ലഭിക്കും.
സെപ്റ്റംബര്‍ 22 ന് ആണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ലോഞ്ച് ചെയ്യുക. നോര്‍ക്ക കെയര്‍ പദ്ധതി വഴി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സുമായിരിക്കും ഒരു വര്‍ഷത്തേക്ക് ലഭിക്കുക. 18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ കൂടാതെ അംഗങ്ങളാക്കാവുന്നതാണ്.
നാലംഗ കുടുംബങ്ങള്‍ക്ക് ( ഭാര്യ, ഭര്‍ത്താവ്, 25 വയസ്സിനു താഴെയുള്ള രണ്ടു മക്കള്‍ ) 13,411 രൂപയാണ് പ്രീമിയം തുക, അധികമായി ഒരു കുട്ടിക്ക് 4,130 രൂപയാണ് പ്രീമിയം. ഒരു വ്യക്തിക്ക് മാത്രമാണെങ്കില്‍ 8,101 രൂപയാണ്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
രജിസ്‌ട്രേഷന്‍ ഈ മാസം 22 മുതല്‍ അടുത്ത മാസം 22 വരെയാണ് ഉണ്ടാകുക. അതിനായുള്ള ആപ്പ് 22ന് പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കേരളീയര്‍ ജോലി ചെയ്യുന്ന ചില കമ്പനികള്‍, നോര്‍ക്ക അംഗീകരിച്ച പ്രവാസി സംഘടനകള്‍ എന്നിവ മുഖേനയും രജിസ്‌ട്രേഷന്‍ ഉണ്ടാകുന്നതായിരിക്കും.
സാധുവായ ‘നോര്‍ക്ക പ്രവാസി കാര്‍ഡ്’ ഉള്ള കേരളീയര്‍, മറ്റു രാജ്യങ്ങളില്‍ പഠിക്കുന്ന കേരളീയ വിദ്യാര്‍ത്ഥികള്‍, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന നോര്‍ക്ക ഐഡി കാര്‍ഡ് ഉള്ള കേരളീയര്‍ എന്നിവര്‍ക്കെല്ലാമാണ് അപേക്ഷിക്കാന്‍ സാധിക്കുക.


