25
Sep 2025
Tue
25 Sep 2025 Tue
LPG

ഗ്യാസ് കണക്ഷന്‍ നിലവിലുള്ള കമ്പനിയില്‍ തൃപ്തിയില്ലെങ്കില്‍ പുതിയ കമ്പനി നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാം. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് സമാനമായ രീതിയില്‍, ഉപഭോക്താക്കള്‍ക്ക് ഇനി എല്‍പിജി ഗ്യാസ് കണക്ഷന്‍ ഇഷ്ടമുള്ള വിതരണ കമ്പനിയിലേക്ക് മാറ്റാന്‍ സാധിക്കും. ഗ്യാസ് ബുക്ക് ചെയ്താല്‍ സമയത്ത് കിട്ടാത്തതും മറ്റുമായ പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുമായി ബന്ധപ്പെട്ട ചട്ടക്കൂടിനായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പിഎന്‍ജിആര്‍ബി) ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും അഭിപ്രായങ്ങള്‍ ക്ഷണിച്ചു. ഒക്ടോബര്‍ പകുതിയോടെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് പോര്‍ട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും രൂപവത്കരിക്കും.

ടെലികോം മേഖലയില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതി എല്‍പിജി മേഖലയില്‍ പുതിയ പരീക്ഷണമാണ്. ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ കാലതാമസം വരുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇത്തരം തടസങ്ങള്‍ വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പിഎന്‍ജിആര്‍ബി നോട്ടീസില്‍ വ്യക്തമാക്കുന്നു.

2013-ല്‍ യുപിഎ സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ആരംഭിച്ചിരുന്നു. 2014 മുതല്‍ തന്നെ എല്‍പിജി ഉപഭോക്താക്കള്‍ക്ക് എണ്ണക്കമ്പനിയെ മാറ്റുന്നതിന് പകരം അവരുടെ ഡീലര്‍മാരെ മാത്രം മാറ്റാനുള്ള പരിമിതമായ ഓപ്ഷനുകള്‍ അനുവദിച്ചിരുന്നു.

ഉദാഹരണത്തിന്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ഇന്‍ഡെയ്ന്‍ ഗ്യാസ് ഉപഭോക്താവിന് സമീപത്തുള്ള ഇന്‍ഡെയ്ന്‍ ഗ്യാസ് ഡീലര്‍മാരില്‍ നിന്ന് ഗ്യാസ് വാങ്ങാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍, ആ സമയത്ത് ഇന്റര്‍കമ്പനി പോര്‍ട്ടബിലിറ്റി നിയമപരമായി സാധ്യമല്ലാത്തതിനാല്‍, ഉപഭോക്താവിന് ഭാരത് പെട്രോളിയത്തിന്റെ ഭാരത് ഗ്യാസിലേക്കോ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ എച്ച്പി ഗ്യാസിലേക്കോ മാറാന്‍ കഴിഞ്ഞില്ല.

2025 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് 32 കോടിയിലധികം കണക്ഷനുകളുള്ള ഇന്ത്യ ഏതാണ്ട് സാര്‍വത്രിക എല്‍പിജി ഗാര്‍ഹിക കവറേജ് നേടിയിട്ടുണ്ടെന്ന് പിഎന്‍ജിആര്‍ബി പ്രസ്താവനയില്‍ പറയുന്നു. വര്‍ഷം തോറും 17 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ വിതരണ കാലതാമസം സംബന്ധിച്ച് പരാതികളുമായി രംഗത്തെത്തുന്നുണ്ട്.