26
Oct 2025
Wed
26 Oct 2025 Wed
BR Shetty

UAE court ruling against BR Shetty ദുബൈ: എന്‍എംസി ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ ബി.ആര്‍. ഷെട്ടിക്ക് തിരിച്ചടിയായി ദുബൈ കോടതി വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്‌സി ബ്രാഞ്ചി) ന് 45.99 ദശലക്ഷം ഡോളര്‍ (ഏകദേശം 400.76 കോടി ഇന്ത്യന്‍ രൂപ) നല്‍കാന്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്‌സി) കോടതി ഉത്തരവിട്ടു. 50 ദശലക്ഷം ഡോളര്‍ വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി ഒപ്പിട്ടതിനെക്കുറിച്ച് വ്യാജ സത്യവാങ്മൂലം നല്‍കിയ കേസിലാണ് തിരിച്ചടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരുകാലത്ത് യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യന്‍ സംരംഭകരില്‍ ഒരാളായിരുന്നു ബി.ആര്‍. ഷെട്ടി. ഒക്ടോബര്‍ എട്ടിനാണ് ഷെട്ടിക്കെതിരെയുള്ള വിധി പുറപ്പെടുവിച്ചത്. ഷെട്ടിയുടെ സാക്ഷ്യത്തെ ‘അവിശ്വസനീയ നുണകളുടെ ഘോഷയാത്ര’യെന്നാണ് ജസ്റ്റിസ് ആന്‍ഡ്രൂ മോറാന്‍ വിമര്‍ശിക്കുന്നത്. സെപ്റ്റംബര്‍ 29 ലെ വാദം കേള്‍ക്കലിനിടെ അദ്ദേഹം നല്‍കിയ തെളിവുകള്‍ പൊരുത്തമില്ലാത്തതും അസംബന്ധവുമാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.

2018 ഡിസംബറില്‍ ഷെട്ടി ഗ്യാരണ്ടിയില്‍ ഒപ്പിട്ടിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി സാക്ഷികളും തെളിവുകളും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. കടത്തിന് വ്യക്തിപരമായി അദ്ദേഹം ബാധ്യസ്ഥനാണെന്നും കണ്ടെത്തി. വിധി തീയതി വരെയുള്ള പലിശ ഉള്‍പ്പെടെ ഷെട്ടി അടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

2018 ഡിസംബറില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്‍എംസി ഹെല്‍ത്ത് കെയറിന് അനുവദിച്ച 50 ദശലക്ഷം ഡോളര്‍ വായ്പയ്ക്ക് ഷെട്ടി വ്യക്തിപരമായി ഗ്യാരണ്ടി നല്‍കിയോ എന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ബാങ്ക് സിഇഒയെ കാണുകയോ ഏതെങ്കിലും രേഖയില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് ഷെട്ടി അവകാശപ്പെട്ടു. തന്റെ ഒപ്പ് വ്യാജമാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, ഫോട്ടോഗ്രാഫുകള്‍, മീറ്റിംഗ് നോട്ടുകള്‍, ഷെട്ടിയുടെ സ്വന്തം അക്കൗണ്ടില്‍ നിന്നുള്ള ഇമെയില്‍ എന്നിവയുള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടു.

2018 ഡിസംബര്‍ 25 ന് എന്‍എംസിയുടെ അബൂദബി ഓഫീസുകളിലേക്ക് താന്‍ പോയതായി ബാങ്കിന്റെ അന്നത്തെ സിഇഒ അനന്ത ഷേണായി സാക്ഷ്യപ്പെടുത്തി. അവിടെ ഷെട്ടി തന്റെ സാന്നിധ്യത്തില്‍ ഗ്യാരണ്ടിയില്‍ ഒപ്പിട്ടതായും വ്യക്തമാക്കി. ആഴ്ചകള്‍ക്ക് ശേഷം എന്‍എംസിയുടെ ഓഫീസുകളില്‍നിന്ന് എടുത്ത ഫോട്ടോകളും അദ്ദേഹം ഹാജരാക്കി, മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരോട് സേവനത്തിന് ഷെട്ടി നന്ദി പറയുന്നതായിരുന്നു ഫോട്ടോകള്‍. എന്നാല്‍ ചെയര്‍മാനുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ ‘അവിടെ വന്ന് നിന്നിരിക്കാം’ എന്നായിരുന്നു ഷെട്ടിയുടെ വിചിത്ര അവകാശവാദങ്ങള്‍.

ഷെട്ടിയുടെ വിശദീകരണങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാനുള്ള കുതന്ത്രങ്ങളാണെന്ന് ഇവയെന്ന് കോടതി കുറ്റപ്പെടുത്തി. ഷെട്ടിയുടെ ഒപ്പ് ആര്‍ക്കാണ് ഏറ്റവും നന്നായി പകര്‍ത്താന്‍ കഴിയുകയെന്ന മത്സരം എന്‍എംസി ജീവനക്കാര്‍ നടത്തിയിരുന്നുവെന്ന വിചിത്ര വാദത്തെയും ജഡ്ജി തള്ളിക്കളഞ്ഞു.