16
Nov 2025
Thu
16 Nov 2025 Thu
delhi blast umar nabi

ഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉമര്‍ നബിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സംഘം വലിയ തോതിലുള്ള ആക്രമണമാണ് പദ്ധതിയിട്ടിരുന്നതെന്നും എന്‍.ഐ.എ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ലോജിസ്റ്റിക്സ് മോഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. ഈ ഗ്രൂപ്പില്‍ ഒമ്പത് മുതല്‍ പത്ത് വരെ അംഗങ്ങളുണ്ടെന്നും ഇതില്‍ ആറോളം പേര്‍ ഡോക്ടര്‍മാരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആക്രമണം ലക്ഷ്യമിട്ട് ഒരു ഐ20, ചുവന്ന എക്കോ സ്‌പോര്‍ട്ട്, ബ്രെസ്സ എന്നിങ്ങനെ മൂന്ന് കാറുകള്‍ ഉമറിന്റെ നേതൃത്വത്തില്‍ വാങ്ങിയിരുന്നുവെന്നും എന്‍.ഐ.എ അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ ഉപയോഗിച്ച ഐ20ക്ക് പുറമെ സംഘം വാങ്ങിയ ചുവന്ന എക്കോ സ്‌പോര്‍ട്ട് കാര്‍ ബുധനാഴ്ച ഫരീദാബാദില്‍ കണ്ടെത്തിയിരുന്നു. ബ്രെസ്സ കാര്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്.

സ്ഫോടനം നടന്ന തലേന്ന് മുതല്‍ ഉമറിനെ കാണാതായിരുന്നുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഉമര്‍ തന്റെ കയ്യിലുള്ള അഞ്ച് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് ദൗജ് ഗ്രാമത്തിന് സമീപം ഒളിവില്‍ പോയതാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മാത്രവുമല്ല, കഴിഞ്ഞ മാസം 30 മുതല്‍ ഉമര്‍ നബി സര്‍വകലാശാല ചുമതലകളും ഒഴിവാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉമര്‍ ഒരു ശാന്ത സ്വഭാവക്കാരനാണെന്നും അന്തര്‍മുഖനാണെന്നും ഒരുപാട് നേരം വായിക്കുന്നവനുമാണെന്നാണ് ഉമറിന്റെ ബന്ധുക്കള്‍ പ്രതികരിക്കുന്നത്. അപൂര്‍വമായി മാത്രമേ ഉമര്‍ പുറത്ത് പോകാറുള്ളുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉമറിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ ഫരീദാബാദിനും ഡല്‍ഹിക്കും ഇടയില്‍ നിരവധി തവണ യാത്ര ചെയ്തെന്നും രാംലീല മൈതാനത്തിന്റെയും സുന്‍ഹെരി മസ്ജിദിന്റെയും ഇടയിലുള്ള പള്ളികള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

ഡല്‍ഹിക്ക് പുറമെ, ജനസാന്ദ്രതയേറിയ മറ്റിടങ്ങളിലും സ്‌ഫോടനം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നുവെന്നാണ് എന്‍.ഐ.എ ആരോപിക്കുന്നത്. അമോണിയം നൈട്രേറ്റും ആര്‍.ഡി.എക്‌സും ചേര്‍ന്ന മിശ്രിതം സ്‌ഫോടനത്തിന് ഉപയോഗിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ഡല്‍ഹി സ്‌ഫോടനത്തിന് ഉപയോഗിച്ച പദാര്‍ഥം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും എന്‍.ഐ.എ അധികൃതര്‍ പറയുന്നു. ചെങ്കോട്ടക്കുമുന്നിലെ നേതാജി സുഭാഷ് മാര്‍ഗിലെ ട്രാഫിക് സിഗ്‌നലില്‍ കാര്‍ എത്തുന്നതും പിന്നാലെ സ്‌ഫോടനം നടക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഫരീദാബാദില്‍ നിന്നും ഉമറിന്റെ പേരിലുള്ള ഒരു ചുവന്ന ഫോര്‍ഡ് കാര്‍ അന്വേഷണ സംഘം കണ്ടുകെട്ടിയിട്ടുണ്ട്. ഉമറിന്റെ പേരിലുള്ള ഡല്‍ഹിയിലെ വിലാസം വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. ഉമര്‍ നബിയും സ്ഫോടനത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ഡോ. മുസമ്മില്‍ ഗനിയയും തുര്‍ക്കിയിലേക്ക് സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

പത്തംഗ എന്‍.ഐ.എ സംഘമാണ് സ്‌ഫോടനം അന്വേഷിക്കുന്നത്. എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ഐ.ജി, രണ്ട് ഡി.ഐ.ജിമാര്‍, മൂന്ന് എസ്.പിമാര്‍, ഡി.എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം. പൊട്ടിത്തെറിച്ച ഐ20 കാറില്‍ ഉമര്‍ നബി മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. സ്‌ഫോടനത്തില്‍ 12 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 27 പേര്‍ക്കാണ് പരിക്കേറ്റത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക