23
Nov 2025
Sat
23 Nov 2025 Sat
karnataka vote rigging arrest

കര്‍ണാടകയില്‍ വ്യാപകമായി വോട്ടുകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ആദ്യ അറസ്റ്റ്. കലബുറഗി അലന്ദ് നിയമസഭാ സീറ്റിലെ വോട്ടര്‍പട്ടികയില്‍ വ്യാപക തിരിമറിക്കു ശ്രമിച്ചെന്ന കേസില്‍ ബംഗാളിലെ നാദിയയില്‍നിന്നുള്ള മൊബൈല്‍ റിപ്പയര്‍ കടയുടമ ബാപ്പി ആദ്യയെ (27) ആണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിലെ പണമിടപാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. വ്യാജ അപേക്ഷകള്‍ നല്‍കാന്‍ പ്രതിഫലം കൈപ്പറ്റിയോ എന്നും ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികള്‍ ആരൊക്കെയാണെന്നും കണ്ടെത്താനാണ് അന്വേഷണം നടക്കുന്നത്.

ഡേറ്റ സെന്ററുകള്‍ ഉപയോഗിച്ച് അനധികൃതമായി വോട്ടര്‍മാരെ നീക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. നാദിയയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിച്ചതിനെ തുടര്‍ന്ന് 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ALSO READ: ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; ഐപിഎല്‍ താരത്തിനെതിരേ പരാതിയുമായി വനിതാ ക്രിക്കറ്റര്‍

വോട്ടര്‍മാരെ നീക്കാന്‍ വ്യാജ ഫോം7 അപേക്ഷകള്‍ ചമയ്ക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ ആപ്പുകളില്‍ അപേക്ഷ നല്‍കിയത് ഇയാളുടെ 75 മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ്. തുടര്‍ന്ന് ഒടിപി കൈമാറിയതിന് കലബുറഗിയിലെ ഡേറ്റ സെന്റര്‍ ഇയാള്‍ക്ക് 700 രൂപ കൈമാറി. ഇതിന്റെ തെളിവു ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. കബുറഗിയിലെ ഡേറ്റ സെന്ററില്‍ വച്ചാണ് വോട്ടുകള്‍ കൂട്ടത്തോടെ വെട്ടി മാറ്റിയത്.

3000 വ്യാജ നമ്പര്‍ ഉപയോഗിച്ചു

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അലന്ദില്‍ അനധികൃതമായി 5994 വോട്ടുകള്‍ നീക്കുന്നതിന് ഇത്തരത്തില്‍ 3000 വ്യാജ ഫോണ്‍ നമ്പറുകളില്‍നിന്ന് അപേക്ഷ നല്‍കിയതായി എസ്‌ഐടി കണ്ടെത്തി. വോട്ടര്‍മാരെ നീക്കാന്‍ വ്യാജ ഫോം 7 അപേക്ഷകള്‍ ചമയ്ക്കുന്നതിന് ഡേറ്റ സെന്റര്‍ ജീവനക്കാര്‍ക്ക് വോട്ടൊന്നിന് 80 രൂപ വീതം കൈക്കൂലി നല്‍കിയതായി നേരത്തെ കണ്ടെത്തിയിരുന്നു.

അലന്ദിന് പുറമേ കല്‍ബുര്‍ഗിയിലെ മറ്റ് രണ്ട് മണ്ഡലങ്ങളില്‍ സമാനമായ തട്ടിപ്പ് നടന്നതിന് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വോട്ട് വെട്ടി മാറ്റാന്‍ ബിജെപി നേതാക്കളാണ് ഡാറ്റാ സെന്ററുകളെ സമീപിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ബിജെപി പല മണ്ഡലങ്ങളിലും ജയിച്ചത് വോട്ട് കൊള്ളയിലൂടെയാണെന്നതിന് രാഹുല്‍ഗാന്ധി തെളിവുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചത്. അലന്ദില്‍ പരാജയപ്പെട്ട ബിജെപിയുടെ സുഭാഷ് ഗുട്ടേദാര്‍, മകന്‍ ഹര്‍ഷ ഗുട്ടേദാര്‍, കരാറുകാരനായ തിപ്പെരുദ്ര എന്നിവര്‍ക്ക് ഒക്ടോബര്‍ 31ന് കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ വോട്ട് വെട്ടി മാറ്റല്‍ നടന്നിട്ടുണ്ട്. ബിഹാറില്‍ എന്‍ഡിഎ വന്‍ വിജയം നേടിയതും ഇത്തരം തിരിമറികളിലൂടെയാണെന്നാണ് ആരോപണം.