തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രമാദമായ ക്രിമിനല്‍ കേസുകളിലെ പ്രതികളെ സ്ഥാനാര്‍ഥികളാക്കി സിപിഎം. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസ് എട്ടാം പ്രതി കാരായി ചന്ദ്രശേഖരനെയും എംഎസ്എസ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസ് 28ാം പ്രതി പി.പി. സുരേശനെയുമാണ് സിപിഎം സ്ഥാനാര്‍ഥികളാക്കിയത്. തലശ്ശേരി നഗരസഭ 16-ാം വാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരന്‍ മത്സരിക്കുന്നത്. പട്ടുവം പഞ്ചായത്ത് പതിനാലാം വാര്‍ഡിലാണ് സുരേശന്‍ രംഗത്തിറങ്ങിയത്.
|
ഫസല്‍ വധക്കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയിരുന്നത്. 2006 ഒക്ടോബറിലാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്തു കൊല്ലപ്പെട്ടത്. ചെറുപ്പക്കാരെ എന്‍ഡിഎഫിലേക്ക് ആകര്‍ഷിക്കുന്നതായിരുന്നു പ്രകോപനം.
കേസിലെ ജാമ്യവ്യവസ്ഥയില്‍ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം എറണാകുളം ഇരുമ്പനത്തായിരുന്നു താമസിച്ചിരുന്നത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. ഇതിനുപിന്നാലെ കാരായി ചന്ദ്രശേഖരനും കേസിലെ മറ്റൊരു പ്രതിയായ സഹോദരന്‍ കാരായി രാജനും തലശേരിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
ഷുക്കൂര്‍ വധക്കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് സുരേശനെതിരെ കേസെടുത്തത്. ഷുക്കൂര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
വാട്സ് ആപ്പ് ഗ്രൂപ്പില്‍ നഗ്‌നഫോട്ടോ അയച്ചതിന്റെ പേരില്‍ സംഘടനാ നടപടി നേരിട്ടയളാണ് കണ്ണൂര്‍ ജില്ലയിലെ മറ്റൊരു സിപിഎം സ്ഥാനാര്‍ഥി. പയ്യന്നൂര്‍ നഗരസഭ ഏഴാം വാര്‍ഡിലാണ് മുന്‍ ഏരിയാ സെക്രട്ടറി കെ.പി. മധുവിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. നഗ്ന ഫോട്ടോ അയച്ചതിന്റെ പേരില്‍ മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനേയും സിപിഎം സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. അസി. കമ്മിഷണറായിരുന്ന ടി.കെ. രത്‌നകുമാര്‍ ശ്രീകണ്ഠപുരം നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് മല്‍സരിക്കുന്നത.


