24
Jun 2026
Wed
24 Jun 2026 Wed
pune murder fiancée

പൂനെ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുന്നതിന് നാല് ദിവസം മുന്‍പും കാമുകനായ കേതന്‍ അഗര്‍വാളിനെ വധിക്കാന്‍ പ്രതിശ്രുത വധു സിയ ഗോയല്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കേതന്റെ പിതാവ് വിശാല്‍ അഗര്‍വാളാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 14-ന് ഇരുവരും മാത്രമായി കോട്ടയില്‍ പോയപ്പോള്‍ സിയ കേതനെ തള്ളിയിടുകയായിരുന്നു. എന്നാല്‍ ഒരു കാട്ടുചെടിയില്‍ പിടിച്ച് കേതന്‍ രക്ഷപ്പെട്ടു. തന്റെ ക്രൂരത പുറത്താകുമെന്ന് ഭയന്ന് സിയ പെട്ടെന്ന് ‘പാമ്പ്, പാമ്പ്’ എന്ന് നിലവിളിക്കുകയും ഓടിച്ചെന്ന് കേതനെ കെട്ടിപ്പിടിച്ച് രക്ഷിക്കുകയായിരുന്നു എന്നുമാണ് പിതാവ് പറയുന്നത്.

പാസ്പോര്‍ട്ട് കാണാതായി; വീണ്ടും കോട്ടയിലേക്ക്

വിവാഹത്തിന് മുന്‍പുള്ള യാത്രയ്ക്കായി ബാലിയിലേക്ക് പോകാന്‍ ഇരുവരും വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കേതന്റെ പാസ്പോര്‍ട്ട് മാത്രം നിഗൂഢമായ സാഹചര്യത്തില്‍ കാണാതായിരുന്നു. യാത്ര മുടങ്ങി മടങ്ങിയെത്തിയതിന് ശേഷം, മൂന്നാം ദിവസമോ നാലാം ദിവസമോ സിയ വീണ്ടും വഴക്കുണ്ടാക്കുകയും ലോഹഗഡ് കോട്ടയിലേക്ക് പോകണമെന്ന് നിര്‍ബന്ധിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ജൂണ്‍ 14-ന് ആദ്യ വധശ്രമം നടക്കുന്നത്. ഇതില്‍ നിന്നും കേതന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ALSO READ: ട്രംപിന് കനത്ത തിരിച്ചടി; ഇറാനെതിരായ യുദ്ധം നിര്‍ത്തണമെന്ന് യുഎസ് സെനറ്റ്‌

എന്നാല്‍ ജൂണ്‍ 18-ന് സിയ കേതനെ വീണ്ടും ഇതേ കോട്ടയിലെത്തിച്ചു. അവിടെവെച്ച് 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പൂനെ ഗാഹുന്‍ജെ സ്വദേശിയും കുടുംബത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ഡയറക്ടറുമാണ് കൊല്ലപ്പെട്ട 26-കാരനായ കേതന്‍ അഗര്‍വാള്‍.

അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം, ഒടുവില്‍ അറസ്റ്റ്

ശക്തമായ കാറ്റില്‍ കേതന്‍ കാല്‍വഴുതി വീണതാണെന്നാണ് സിയ ആദ്യം ലോണാവാല റൂറല്‍ പോലീസിനോട് പറഞ്ഞിരുന്നത്. പോലീസ് ആദ്യം ഇത് അപകടമരണമായി രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിയ ഗോയലും അവളുടെ കാമുകനായ ചേതന്‍ ബാബുലാല്‍ ചൗധരിയും (22) ചൊവ്വാഴ്ച പോലീസിന്റെ പിടിയിലായി. സ്വന്തമായി ബേക്കറി നടത്തുകയായിരുന്നു സിയ. ഡ്രൈ ഫ്രൂട്ട്‌സ് നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന ചേതനുമായി ബിസിനസ്സ് വഴിയാണ് സിയ സൗഹൃദത്തിലാകുന്നത്. കേതനെ തങ്ങളുടെ ബന്ധത്തിന് തടസ്സമായി കണ്ടതോടെ ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് റൂറല്‍ എസ്പി സന്ദീപ് സിംഗ് ഗില്‍ അറിയിച്ചു.

സിയ കേതനെ കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുവന്ന സമയത്ത് ചേതനെയും അവിടേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് കേതനെ താഴേക്ക് തള്ളിയിട്ടത്. സംശയത്തിന്റെ പേരില്‍ ആദ്യം കസ്റ്റഡിയിലെടുത്ത ചേതനെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്തായത്. നിലവില്‍ കോടതി ഇരുവര്‍ക്കും ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചിട്ടുണ്ട്.

ഈ വര്‍ഷം അവസാനം നടക്കാനിരുന്ന ഇവരുടെ വിവാഹത്തിനായി രാജസ്ഥാനിലെ ഉദയ്പൂരില്‍ 17 കോടി രൂപയുടെ കൊട്ടാരമടക്കം കുടുംബാംഗങ്ങള്‍ ബുക്ക് ചെയ്തിരിക്കെയാണ് ഈ ദാരുണമായ കൊലപാതകം നടന്നത്.