29
Nov 2025
Fri
29 Nov 2025 Fri
sex therapist

ലൈംഗിക ശേഷി കൂട്ടാന്‍ വഴിയരികില്‍ പച്ചമരുന്ന വില്‍പ്പന നടത്തിയിരുന്ന വൈദ്യനെ സമീപിച്ച യുവാവിന് നഷ്ടം 48 ലക്ഷം രൂപ, ഒപ്പം ആരോഗ്യ പ്രശനങ്ങളും. ബെംഗളൂരുവിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവാണ് റോഡരികില്‍ ടെന്റ് കെട്ടി ചികില്‍സിക്കുന്ന വ്യാജ വൈദ്യനെ സമീപിച്ചത്. എന്നാല്‍ യാതൊരു പ്രയോജനവുമില്ലാതായതോടെ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

2023-ലായിരുന്നു യുവാവിന്റെ വിവാഹം. അതിന് ശേഷമാണ് ലൈംഗിക ആദ്യം ബെംഗളൂരുവിനടുത്തുള്ള കെങ്കേരിയിലെ ഒരു മള്‍ട്ടി സ്‌പെഷല്‍റ്റി ക്ലിനിക്കില്‍ യുവാവ് ചികില്‍സ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മെയ് 3ന്, കെഎല്‍ഇ ലോ കോളജിന് സമീപം, ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം എന്നെഴുതിയ ബോര്‍ഡുമായി റോഡരികില്‍ ഇരിക്കുന്ന ആയുര്‍വേദ വൈദ്യനെ യുവാവ് കണ്ടത്. ‘വിജയ് ഗുരുജി’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഈ വൈദ്യന്‍, താന്‍ നല്‍കുന്ന അപൂര്‍വ ആയുര്‍വേദ മരുന്നുകള്‍ കഴിച്ചാല്‍ യുവാവിന്റെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.

യശ്വന്ത്പൂരിലെ വിജയലക്ഷ്മി ആയുര്‍വേദിക് സ്റ്റോറില്‍ നിന്ന് ‘ദേവരാജ് ബൂട്ടി’ എന്ന ഉല്‍പ്പന്നം വാങ്ങാനും ഈ ‘ഗുരുജി’ യുവാവിനോട് പറഞ്ഞു. ഈ ബൂട്ടി ഹരിദ്വാറില്‍ നിന്ന് പ്രത്യേകമായി കൊണ്ടുവന്നതാണെന്നും ഒരു ഗ്രാമിന് 1.6 ലക്ഷം രൂപ വിലവരുന്നതാണെന്നും ഇയാള്‍ അവകാശപ്പെട്ടു. ഒപ്പം ഇത് വാങ്ങാനായി പോകുമ്പോള്‍ കൂടെ ആരെയും കൂട്ടരുതെന്നും പണം നോട്ടുകളായി തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടു.

പലപ്പോഴായി ഇത്തരത്തിലെ പല മരുന്നുകള്‍ വാങ്ങാന്‍ വൈദ്യന്‍ യുവാവിനോട് ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. രോഗം മാറുമെന്ന് വിശ്വസിച്ച യുവാവ് ഭാര്യയില്‍ നിന്നും മറ്റു പലരില്‍ നിന്നായും പണം കടം വാങ്ങിയും ലോണെടുത്തും പറഞ്ഞ മരുന്നുകളെല്ലാം വാങ്ങുകയും ചെയ്തു. അങ്ങനെ 48 ലക്ഷം രൂപ യുവാവിന് ചെലവായി. എന്നാല്‍, അസുഖത്തിന് യാതൊരു മാറ്റവുമുണ്ടായില്ലെന്ന് മാത്രമല്ല, ആരോഗ്യ സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ അലട്ടാനും തുടങ്ങി. മരുന്ന കഴിച്ച് കിഡ്‌നി തകരാറിലായതായി പരിശോധനയില്‍ കണ്ടെത്തി. ഒടുവില്‍ ഇത് തട്ടിപ്പാണ് മനസിലാക്കിയ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.