Waqf registration in UMEED portal ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ‘ഉമീദ്’ (UMEED) പോര്‍ട്ടലിലെ സമയപരിധി ശനിയാഴ്ച അവസാനിക്കാനിരിക്കെ, സമയപരിധി നീട്ടില്ലെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു. അതേസമയം, രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും അത്തരക്കാര്‍ക്ക് അതത് സംസ്ഥാനങ്ങളിലെ വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടിയതായി ഇന്നലെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, രജിസ്ട്രേഷനുള്ള സമയം ഇന്ന് അവസാനിക്കുമെന്നും മൂന്ന് മാസത്തേക്ക് ട്രൈബ്യൂണലിന്റെ അനുമതിയോട് കൂടി ശിക്ഷാ നടപടികളില്‍ ഇളവ് അനുവദിക്കുമെന്നുമാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.
സമയപരിധി നീട്ടില്ല
വഖഫ് ഭേദഗതി നിയമം അനുശാസിക്കുന്ന ആറ് മാസത്തെ സമയപരിധി ഡിസംബര്‍ 6-ന് അവസാനിക്കുമെന്നും നിയമത്തിലെ വ്യവസ്ഥകള്‍, സുപ്രീം കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എന്നിവ കാരണം ഇത് നീട്ടാനാവില്ലെന്നും റിജിജു മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് മാസത്തേക്ക് ശിക്ഷാ നടപടികള്‍ ഇല്ല
വഖഫ് സ്വത്തുക്കളുടെ നടത്തിപ്പുകാരായ ‘മുതവല്ലിമാരുടെ’ (Mutawallis) ആശങ്കകള്‍ പരിഗണിച്ച്, മാനുഷിക പരിഗണനകള്‍ കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്ക് പിഴ ചുമത്തുകയോ കര്‍ശന നടപടികള്‍ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി.
ട്രൈബ്യൂണലിനെ സമീപിക്കാം
‘ഇത് അപ്ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടലല്ല. 2025 ഡിസംബര്‍ 6 രാത്രി 11:59:59-ന് മുന്‍പ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മുതവല്ലിമാര്‍ക്ക് നിയമപരമായ ഇളവുകള്‍ നല്കാന് അധികാരമുള്ള വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാം,’ മന്ത്രി പറഞ്ഞു. അത്തരം ആളുകളുടെ പ്രശ്ന പരിശോധിച്ച് മൂന്ന് മാസത്തേക്ക് ശിക്ഷാ നടപടികളില്‍ ഇളവ് നല്‍കാനാണ് തീരുമാനം. പാര്‍ലമെന്റ് പാസാക്കുകയും സുപ്രീം കോടതി ശരിവെക്കുകയും ചെയ്ത നിയമമായതിനാല്‍ സമയപരിധിയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
ആറ് മാസത്തെ സമയപരിധി കഴിഞ്ഞാല്‍ തീയതി നീട്ടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്, എന്നാല്‍ ട്രൈബ്യൂണലിന് അത് വീണ്ടും ആറ് മാസം വരെ നീട്ടിനല്കാന് അധികാരമുണ്ട്. നിയമപരമായ പരിമിതികളുള്ളതിനാല്‍ നിയമം മാറ്റാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
രജിസ്ട്രേഷന് നില
ഡബ്ല്യു.എ.എം.എസ്.ഐ. (WAMSI) പോര്‍ട്ടല്‍ അനുസരിച്ച് 30 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 38 ലക്ഷം ഏക്കറിലധികം ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന 8.72 ലക്ഷം വഖഫ് സ്ഥാപനങ്ങളുള്ളതില്‍ ഇതുവരെ 1.5 ലക്ഷത്തിലധികം വഖഫ് സ്വത്തുക്കള്‍ മാത്രമാണ് ഉമ്മീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് മൊത്തം സ്വത്തുക്കളുടെ 20%ല്‍ താഴെയാണ്.
സംസ്ഥാനങ്ങളുടെ പ്രകടനം
രജിസ്ട്രേഷനില്‍ കര്‍ണാടക, പഞ്ചാബ്, ജമ്മു കശ്മീര്‍ തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറ്റുചില സംസ്ഥാനങ്ങള്‍ പിന്നിലാണെന്നും മന്ത്രി പറഞ്ഞു.
പൂര്‍ണ്ണമായ രേഖകളുടെ അഭാവം
പോര്‍ട്ടലിലെ സാങ്കേതിക, നിയമപരമായ പ്രശ്നങ്ങളെക്കുറിച്ച് പല സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടപ്പോള്‍, ‘പൂര്‍ണ്ണമായ രേഖകളുടെ അഭാവമാണ്’ പോര്‍ട്ടലില്‍ കുറഞ്ഞ രജിസ്ട്രേഷന് കാരണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
‘ഉമ്മീദ്’ പോര്‍ട്ടല്‍
വഖഫ് സ്വത്തുക്കള്‍ തത്സമയം അപ്ലോഡ് ചെയ്യാനും പരിശോധിക്കാനും നിരീക്ഷിക്കാനുമുള്ള ഒരു കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് 2025 ജൂണ്‍ 6-ന് ആരംഭിച്ച യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ് (UMEED) പോര്‍ട്ടല്‍. രാജ്യത്തുടനീളമുള്ള വഖഫ് ആസ്തികളുടെ ഭരണത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും പൊതുജന പങ്കാളിത്തവും കൊണ്ടുവരാനാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
അതേസമയം, വഖഫ് സ്വത്തുക്കളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.





