28
Dec 2025
Sat
28 Dec 2025 Sat
rajadhani express derailed

അസമില്‍ രാജഥാനി എക്‌സ്പ്രസ് പാളം മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി. ഏഴ് ആനകള്‍ക്ക് ദാരുണാന്ത്യം. ഒരു ആനക്കുട്ടിക്ക് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസമിലെ ഹൊജായിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.17ഓടെയാണ് അപകടം. സൈരംഗ്- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസിലാണ് ആനകള്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റുകയും റെയില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു.

ആനക്കൂട്ടം ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിനിന്റെ ലോക്കോമോട്ടീവും അഞ്ച് കോച്ചുകളുമാണ് പാളം തെറ്റിയത്. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഗുവാഹത്തിയില്‍ നിന്ന് 126 കി.മീ അകലെയാണ് അപകടമുണ്ടായത്.

മിസോറമിലെ സായ്രംഗില്‍ നിന്നും ഡല്‍ഹിയിലെ അനന്ദ് വിഹാറിലേക്കുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിനു പിന്നാലെ റെയില്‍വേ ഗുവാഹത്തി സ്റ്റേഷനില്‍ ഹെല്‍പ്പ്‌ലൈന്‍ തുറന്നിട്ടുണ്ട്. 0361-2731621, 0361-2731622, 0361-2731623 എന്നിവയാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍.

ALSO READ: ”ബന്ദികളുടെ മൃതദേഹങ്ങള്‍ മുഴുവന്‍ അവര്‍ എങ്ങിനെ തപ്പിയെടുത്തു? ഹമാസിന്റെ ഇന്റലിജന്‍സ് സംവിധാനം അമ്പരപ്പിക്കുന്നു; ഓക്‌സിജന്‍ പോലുമില്ലാതെ തുരങ്കങ്ങളില്‍ കഴിയാന്‍ സാധിക്കുന്നവര്‍…’

കൂട്ടിയിടിയെ തുടര്‍ന്ന് ആനകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പാളങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഉത്തര അസമിലേക്കും മറ്റ് ഭാഗങ്ങളിലേക്കുമുള്ള ട്രെയിന്‍ ഗതാഗതത്തെ അപകടം സാരമായി ബാധിച്ചു. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി.

പാളത്തില്‍ ആനക്കൂട്ടം നില്‍ക്കുന്നത് കണ്ട ലോക്കോ പൈലറ്റ് സഡന്‍ ബ്രേക്കിട്ടെങ്കിലും ട്രെയിന്‍ കൃത്യമായി നിര്‍ത്താനായില്ല. എഞ്ചിന്‍ ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ മാസം 30ന് പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ധുപ്ഗുരിയില്‍ ട്രെയിനിടിച്ച് ഒരു ആന കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുടനീളം ട്രെയിനിടിച്ച് 79 ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം ആഗസ്റ്റില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.