25
Dec 2025
Tue
25 Dec 2025 Tue
actor dileep family

സ്വകാര്യത ലംഘിച്ചുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനും റിപോര്‍ട്ടര്‍ ടിവിക്കുമെതിരേ നടന്‍ ദിലീപിന്റെ സഹോദരിയുടെ പരാതി. നടന്‍ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ് ആണ് ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2025 ഡിസംബര്‍ 8-ന് ആലുവയിലെ ‘പത്മസരോവരം’ എന്ന വസതിയില്‍ അതിക്രമിച്ചു കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നതാണ് പ്രധാന പരാതി. നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച് ടെലികാസ്റ്റ് ചെയ്തിരുന്നു.

ALSO READ: സൗദിയിലെ ജുബൈലില്‍ ഇന്ത്യക്കാരനെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി; കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ദിലീപിന്റെ സഹോദരി നല്‍കിയ പരാതിയുടെ പൂര്‍ണ രൂപം ചുവടെ:

എസ്. ജയലക്ഷ്മി (സബിത) പത്മസരോവരം, കൊട്ടാരക്കടവ് റോഡ്, ആലുവ.

സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, ആലുവ.

വിഷയം: 08.12.2025-ല്‍ റിപ്പോര്‍ട്ടര്‍ ടിവിയും ഏഷ്യാനെറ്റ് ടിവിയും ഞങ്ങളുടെ സ്വകാര്യ വസതിക്ക് മുകളില്‍ നിയമവിരുദ്ധമായും അനുമതിയില്ലാതെയും ഡ്രോണ്‍ നിരീക്ഷണം നടത്തിയതിനെതിരെയുള്ള പരാതി.

സര്‍, സിനിമ നടന്‍ ദിലീപിന്റെ സഹോദരിയാണ് ഞാന്‍. മേല്‍ സൂചിപ്പിച്ച വിലാസത്തില്‍ അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. 2025 ഡിസംബര്‍ 8-ന്, റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ടിവി എന്നീ ചാനലുകള്‍ ഞങ്ങളുടെ വീട്ടുപറമ്പിലേക്ക് ഡ്രോണ്‍ അയക്കുകയും, സ്ത്രീകളും കുട്ടികളും അടക്കമുള്ള വീട്ടിലെ എല്ലാവരുടെയും സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ച് അവര്‍ ദിലീപിന്റെ മാത്രമല്ല, വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ടിവിയിലെ …. സംപ്രേക്ഷണത്തിനിടെ ഡ്രോണ്‍ അയച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്, ഇതിലൂടെ ഈ കൃത്യത്തിലുള്ള തന്റെ പങ്ക് അദ്ദേഹം സമ്മതിക്കുന്നു.

വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുന്‍കൂര്‍ അനുമതിയോ കൂടാതെയാണ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചത്. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ നഗ്‌നമായ ലംഘനമാണ്. ഞങ്ങളുടെ വസതി ഒരു പൊതുസ്ഥലമല്ല, ഒരു സ്വകാര്യ താമസസ്ഥലത്തിന് മുകളില്‍ വ്യോമനിരീക്ഷണം നടത്താന്‍ ഒരു മാധ്യമസ്ഥാപനത്തിനും അധികാരമില്ല.

ഡ്രോണ്‍ നിരീക്ഷണം നടത്തിയ സമയവും രീതിയും പരിശോധിച്ചാല്‍, ഞങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറാനും, വാണിജ്യ ലാഭത്തിനായി നിയമവിരുദ്ധമായി ദൃശ്യങ്ങള്‍ ശേഖരിച്ച് സംപ്രേക്ഷണം ചെയ്യാനുമുള്ള ദുരുദ്ദേശ്യം വ്യക്തമാണ്.

റിപ്പോര്‍ട്ടര്‍ ടിവിയുടെയും ഏഷ്യാനെറ്റ് ടിവിയുടെയും മേല്‍പറഞ്ഞ വ്യക്തികളുടെയും ഈ പ്രവൃത്തികള്‍ ഞങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണ്. ഇത് ഭാരതീയ ന്യായ സംഹിത (ആചട) 2023 പ്രകാരം സെക്ഷന്‍ 329 (ക്രിമിനല്‍ അതിക്രമം), സെക്ഷന്‍ 351 (ക്രിമിനല്‍ ഭീഷണി), സെക്ഷന്‍ 270 (പൊതുജനശല്യം) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണ്.

നിയമവിരുദ്ധമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ ശേഖരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്തതിലൂടെ, 08.12.2025-ല്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ അന്തസ്സിനും സുരക്ഷയ്ക്കും സല്‍പ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചിരിക്കുന്നു. അതിനാല്‍, മേല്‍പറഞ്ഞ വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും നിയമവിരുദ്ധ നിരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണുകള്‍, മെമ്മറി കാര്‍ഡുകള്‍, സ്റ്റോറേജ് ഡിവൈസുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഉടനടി നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

എസ്. ജയലക്ഷ്മി ‘