13
Jun 2026
Thu
13 Jun 2026 Thu
loudest person guinnes record

കാന്‍ബെറ: ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന വ്യക്തിയെന്ന(loudest person) ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ഓസ്ട്രേലിയക്കാരനായ ജോസഫ് മക്‌ഗ്രെയില്‍-ബേട്ടപ്പ് (58). കാന്‍ബെറ സ്വദേശിയായ ഇദ്ദേഹം ‘നൗ’ (Now ഇപ്പോള്‍) എന്ന് ഉച്ചത്തില്‍ നിലവിളിച്ചാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ഒരു ജെറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴോ അല്ലെങ്കില്‍ അറക്കവാള്‍ (Chainsaw) പ്രവര്‍ത്തിക്കുമ്പോഴോ ഉണ്ടാകുന്ന ശബ്ദത്തിന് സമാനമായ 122.4 ഡെസിബെല്‍ (dB) തീവ്രതയിലായിരുന്നു ഇദ്ദേഹത്തിന്റെ ശബ്ദം രേഖപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1994-ല്‍ ‘ക്വയറ്റ്’ (Quiet നിശബ്ദത) എന്ന് നിലവിളിച്ച് വടക്കന്‍ അയര്‍ലന്‍ഡുകാരിയായ അന്നലീസ ഫ്‌ലാനഗന്‍ എന്ന സ്‌കൂള്‍ അധ്യാപിക സ്ഥാപിച്ച 121.7 ഡെസിബെലിന്റെ റെക്കോര്‍ഡാണ് ജോസഫ് തകര്‍ത്തത്. എങ്കിലും, അന്നലീസയുടെ റെക്കോര്‍ഡ് പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ലെന്ന് ജോസഫ് പറയുന്നു. താന്‍ ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ‘പുരുഷന്‍’ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയതെന്നും, അന്നലീസ ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ‘സ്ത്രീ’യായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശീലിക്കാന്‍ കഴിയാത്ത റെക്കോര്‍ഡ്

ഈ റെക്കോര്‍ഡ് നേട്ടത്തിനായി പ്രത്യേകം പരിശീലനം നടത്താന്‍ കഴിയില്ലെന്നാണ് എയര്‍കണ്ടീഷണര്‍ ക്ലീനറായി ജോലി ചെയ്യുന്ന ജോസഫ് പറയുന്നത്. ‘ഇതിനായി മുന്‍കൂട്ടി പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ല. ആ ദിവസത്തേക്ക് വേണ്ടി ശബ്ദം സൂക്ഷിച്ചുവെക്കുകയേ നിവര്‍ത്തിയുള്ളൂ. ‘നൗ’ എന്ന ഒരൊറ്റ വാക്ക് കൃത്യമായ തീവ്രതയില്‍ പറയാന്‍ ഞാന്‍ ഏഴ് തവണ ശ്രമിക്കേണ്ടി വന്നു. അതിനുശേഷം അടുത്ത കുറച്ചു ദിവസത്തേക്ക് എന്റെ ശബ്ദം പൂര്‍ണ്ണമായി അടഞ്ഞുപോയി,’ അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചു.

കാന്‍ബെറയിലെ ഒരു റേഡിയോ സ്റ്റുഡിയോയില്‍ പ്രൊഫഷണല്‍ അക്കൗസ്റ്റിക് എഞ്ചിനീയറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിലാണ് ഈ ശബ്ദം റെക്കോര്‍ഡ് ചെയ്തത്. തുടര്‍ന്ന് ഈ ഫയലുകള്‍ ഗിന്നസ് അധികൃതര്‍ക്ക് അയച്ചു കൊടുക്കുകയും അവര്‍ റെക്കോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുമായിരുന്നു.

ടൗണ്‍ ക്രയറും മുന്‍ റെക്കോര്‍ഡും

2017-ല്‍ കാന്‍ബെറയിലെ ഔദ്യോഗിക ‘ടൗണ്‍ ക്രയര്‍’ (പഴയകാലത്ത് രാജകീയ വിളംബരങ്ങളും മറ്റും തെരുവില്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്ന ആള്‍) ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജോസഫ് തന്റെ ശബ്ദത്തിന്റെ കരുത്ത് തിരിച്ചറിയുന്നത്. ‘ലോര്‍ഡ് ജോസഫ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം വിവിധ കമ്മ്യൂണിറ്റി പരിപാടികളിലും സ്‌കൂള്‍ മേളകളിലും വിളംബരങ്ങള്‍ നടത്താറുണ്ട്. 2024-ലെ ഒരു മത്സരത്തില്‍ 98 ഡെസിബെല്‍ തീവ്രതയില്‍ വിളംബരം നടത്തി അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

ജോസഫ് ഒരു ലോകറെക്കോര്‍ഡ് നേടുന്നത് ഇത് ആദ്യമായല്ല. 2019-ല്‍ ഏറ്റവും വേഗത്തില്‍ 10 അമ്പുകള്‍ എയ്യുന്ന വില്ലാളി എന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു (60.03 സെക്കന്‍ഡ്). എന്നാല്‍ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഒരു 7 വയസ്സുകാരന്‍ ആ റെക്കോര്‍ഡ് തകര്‍ത്തു. തന്റെ റെക്കോര്‍ഡുകള്‍ മറ്റാരെങ്കിലും തകര്‍ക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നും റെക്കോര്‍ഡുകള്‍ എപ്പോഴും തകര്‍ക്കപ്പെടാനുള്ളതാണെന്നും ജോസഫ് വ്യക്തമാക്കുന്നു.

Man breaks world record for loudest person

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക