രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സുരക്ഷാ സംവിധാനങ്ങളെയും ക്രമസമാധാന നിലയെയും ചോദ്യം ചെയ്ത് തിരോധന കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. 2026 ജനുവരിയിലെ ആദ്യ 27 ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം 807 പേരാണ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായതെന്ന് ഡല്‍ഹി പോലീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 137 കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് സ്ഥിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.
|
സ്ത്രീകളും കുട്ടികളും മുന്നില്‍, സുരക്ഷ പിന്നില്‍
കാണാതായവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നതാണ് ഏറ്റവും ആശങ്കജനകമായ വസ്തുത. മൊത്തം 807 കേസുകളില്‍ 509 പേരും സ്ത്രീകളോ പെണ്‍കുട്ടികളോ ആണ്. പ്രതിദിനം ശരാശരി 27 പേരാണ് ഡല്‍ഹിയില്‍ കാണാതാകുന്നത്. ഇതുവരെ 235 പേരെ മാത്രമാണ് പോലീസ് കണ്ടെത്തിയത്. ബാക്കിയുള്ള 572 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ലക്ഷ്യം കൗമാരക്കാര്‍?
പ്രായാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 12 മുതല്‍ 18 വയസ്സ് വരെയുള്ള കൗമാരപ്രായക്കാരിലാണ് ഏറ്റവും കൂടുതല്‍ തിരോധനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട 169 കുട്ടികളാണ് ജനുവരിയിലെ ആദ്യ 27 ദിവസങ്ങളില്‍ കാണാതായത്. ഇവരില്‍ 121 പേരും ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായ കുട്ടികളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മറ്റു പ്രായവിഭാഗങ്ങളിലെ കണക്കുകള്‍ നോക്കുമ്പോള്‍ 8 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 9 പേരാണ് കാണാതായത്. ഇതില്‍ 6 പേരെ ഇനിയും കണ്ടെത്താനുണ്ട്.
8 മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളില്‍ 13 പേരാണ് കാണാതായത്. ഇതില്‍ 10 കുട്ടികള്‍ ഇനിയും അജ്ഞാതമാണ്.
മനുഷ്യക്കടത്ത് സംശയം ശക്തം
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം പേരെ കാണാതാകുന്നത് സാധാരണ സംഭവമല്ലെന്ന് സാമൂഹിക പ്രവര്‍ത്തകരും വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യക്കടത്ത് സംഘങ്ങള്‍ നഗരത്തില്‍ സജീവമാണോ എന്ന സംശയവും ശക്തമാകുകയാണ്. പ്രത്യേകിച്ച് സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ടുള്ള ക്രിമിനല്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
പത്ത് വര്‍ഷം, ആയിരക്കണക്കിന് കാണാതാകലുകള്‍
കഴിഞ്ഞ പത്ത് വര്‍ഷം ഡല്‍ഹി നല്‍കുന്ന ചിത്രം കൂടുതല്‍ ഭീതിജനകമാണ്. 2016 മുതല്‍ 2026 വരെ 18 വയസ്സിന് താഴെയുള്ള 60,694 കുട്ടികളാണ് തലസ്ഥാനത്ത് നിന്ന് കാണാതായത്. ഇതില്‍ 6,931 കുട്ടികള്‍ ഇന്നും അജ്ഞാതമായി തുടരുകയാണ്.
സിസിടിവിയും സുരക്ഷയും… പക്ഷേ?
സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരും നിറഞ്ഞ നഗരത്തില്‍ ഇത്രയും തിരോധനങ്ങള്‍ നടക്കുമ്പോള്‍, ചോദ്യം ഒന്നേ ഉള്ളൂ,
സുരക്ഷാ സംവിധാനം ആരെ സംരക്ഷിക്കുന്നു?
കാണാതായവരെ കണ്ടെത്താന്‍ ഡല്‍ഹി പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെങ്കിലും, നഗരത്തിലെ സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.


