17
Feb 2026
Sat
17 Feb 2026 Sat
Adoor prakash gold theft case

Adoor prakash questioned in Sabarimala gold theft case ശബരിമല സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫിന് കുരുക്കാകുന്ന നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. യു.ഡി.എഫ് കണ്‍വീനറും പത്തനംതിട്ട എം.പിയുമായ അടൂര്‍ പ്രകാശിന്റെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് വച്ച് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു. സ്വര്‍ണക്കൊള്ള സി.പി.എമ്മിനെയും സര്‍ക്കാരിനെയും അടിക്കാനുള്ള പ്രധാന വടിയായി യു.ഡി.എഫ് ഉപയോഗിച്ചു വരുന്നതിനിടെയാണ് എസ്.ഐ.ടിയുടെ നീക്കം. അടൂര്‍ പ്രകാശിനെ എസ്.ഐ.ടി വിളിച്ചുവരുത്തുകയായിരുന്നു.

ALSO READ: ഉണ്ണികൃഷ്ണന്‍ ശബരിമലയില്‍ നിന്ന് അടിച്ചുമാറ്റിയ സ്വര്‍ണം ബെള്ളാരിയില്‍; ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തിയത് സ്വര്‍ണക്കട്ടികള്‍

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലാണെന്ന് അടൂര്‍ പ്രകാശ് വിശദീകരിക്കേണ്ടി വരും. അതേസമയം, ഉണ്ണി കൃഷ്ണന്‍ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച അടൂര്‍ പ്രകാശ് ശബരിമല കേസിലെ ബന്ധം നിഷേധിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി ഡല്‍ഹിയില്‍ സോണിയ ഗാന്ധിയെ കാണാന്‍ പോയപ്പോഴും അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു. എന്നാല്‍, തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് എടുത്തപ്പോള്‍ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം. സോണിയാ ഗാന്ധിയെപ്പോലെ ഒരു മുതിര്‍ന്ന നേതാവിന്റെ അപ്പോയിന്‍മെന്റ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എങ്ങിനെ കിട്ടുന്നുവെന്ന ചോദ്യമാണ് അതോടെ ഉയരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂര്‍ പ്രകാശിലേക്കും അന്വേഷണം നീളുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ തന്നെ രാഷ്ട്രീയ ആയുധമാക്കി സി.പി.എം രംഗത്തെത്തിയിരുന്നു. അതേസമയം അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ പ്രതികരിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക