ബെംഗളുരുവില്‍ 23 വയസ്സുള്ള മകള്‍ തന്റെയും സഹോദരിയുടെയും സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന് അയച്ചെന്നാരോപിച്ച് അമ്മ പൊലീസില്‍ പരാതി നല്‍കി. വരുണ്‍ ഗിരിധര്‍ എന്ന യുവാവിനാണ് ദൃശ്യങ്ങള്‍ കൈമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്.
മകള്‍ വരുണ്‍ ഗിരിധറുമായി പ്രണയബന്ധത്തിലാണെന്നും അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും കുടുംബത്തെ നേരത്തെ അറിയിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചതിന് ശേഷം കുടുംബം വിവാഹത്തിന് സമ്മതം നിഷേധിച്ചതായും പൊലീസ് വ്യക്തമാക്കി.
|
ഒരു മാസം മുന്‍പ് മകള്‍ അപരിചിതനുമായി വീഡിയോ കോളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുടുംബത്തിന് സംശയം തുടങ്ങിയത്. തുടര്‍ന്ന് മകളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിനിടെയാണ് തന്റെയും സഹോദരിയുടെയും സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്തിയതെന്ന് അമ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഫോണിന്റെ പാസ്വേഡ് നല്‍കാന്‍ യുവതി തയ്യാറാകാതിരുന്നതിനാല്‍ ഏറെ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഫോണ്‍ തുറക്കാനായതെന്നും പരാതിയില്‍ പറയുന്നു.
ഫോണില്‍ നിന്ന് ലഭിച്ച സന്ദേശങ്ങള്‍ പ്രകാരം, വരുണ്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഉറങ്ങിക്കിടക്കുന്ന സമയത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും, സഹോദരിയുടെ ദൃശ്യങ്ങള്‍ അവരുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് പകര്‍ത്തിയതെന്നും പരാതിയില്‍ വിശദീകരിക്കുന്നു.
സംഭവത്തിന് പിന്നാലെ ഒരാഴ്ച മുന്‍പ് യുവതി വീടുവിട്ടു പോയതായും, വരുണിനെ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. യുവതിയുടെ സുരക്ഷയെക്കുറിച്ചും ദൃശ്യങ്ങള്‍ മറ്റിടങ്ങളിലേക്ക് പ്രചരിച്ചിരിക്കാമെന്ന ആശങ്കയുമാണ് പരാതിയില്‍ ഉയര്‍ത്തുന്നത്.
ഫെബ്രുവരി അഞ്ചിനാണ് കുടുംബം ഔദ്യോഗികമായി പൊലീസില്‍ പരാതി നല്‍കിയത്. ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചുവരികയാണെന്നും, വരുണ്‍ ഗിരിധറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു





