തൊടുപുഴ: മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്‌സ് ബെന്നി (27) ആണ് മരിച്ചത്.
|
കലുങ്ക് നിര്‍മ്മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണാണ് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റന്നാള്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയ്‌സ് ബെന്നി അപകടത്തില്‍ മരിച്ചത്.
ALSO READ: മസാല പടങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ മറന്നു; വെട്ടിലായി ബിഗ് ടിവി
ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ഏറെക്കാലമായി ഈ കുഴി മൂടാതെ അപകടാവസ്ഥയില്‍ തുടരുകയായിരുന്നു. നിരവധി തവണ അധികൃതരോട് കുഴി മൂടാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വീഴ്ച എവിടെയാണെന്ന് പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു. അസി. എക്‌സിക്യുട്ടീവ് ഓഫീസറുടെ കസേരയില്‍ പ്രതിഷേധക്കാര്‍ പൂച്ചട്ടി വെച്ചു.


