19
Feb 2026
Thu
19 Feb 2026 Thu
DMK AND DMDK ALLIANCE

DMK and DMDK alliance ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ ഭരണ കക്ഷിയായ ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നു. ഡിഎംഡികെ ജനറല്‍ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലുണ്ടായ അപ്രതീക്ഷിത നീക്കം എന്‍ഡിഎക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറേ ദിവസങ്ങളായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഡിഎംഡികെ വലിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നെന്നും അതൊക്കെ അംഗീകരിക്കുന്നതില്‍ പ്രയാസമുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ടും എന്‍ഡിഎ സഖ്യത്തിലേക്ക് ഡിഎംഡികെ പോകുമെന്നുള്ള സൂചനകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, എന്‍ഡിഎയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് ഡിഎംഡികെ ഡിഎംകെയിലേക്ക് ചേരുന്നത്.

മഹാശിവരാത്രി ദിനത്തില്‍ കോയമ്പത്തൂര്‍ ഈഷാ യോഗ സെന്ററില്‍ വെച്ച് എഐഎഡിഎംകെ മുന്‍ മന്ത്രി എസ്.പി. വേലുമണിയുമായി പ്രേമലത കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകനും പങ്കെടുത്തിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ ചെന്നൈയിലെ ‘അണ്ണാ അറിവാലത്തില്‍’ എത്തിയ പ്രേമലത വിജയകാന്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി സഖ്യം ഉറപ്പിച്ചു.

ഡിഎംകെയ്‌ക്കൊപ്പം ചേരുന്നത് പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരമാണെന്ന് പ്രേമലത അറിയിച്ചു. 200ലധികം സീറ്റ് ഡിഎംകെ സഖ്യം നേടും. 2016ല്‍ വിജയകാന്ത് ആഗ്രഹിച്ച മുന്നണി ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി. സീറ്റുകളിലെ തീരുമാനം പിന്നീട് ആയിരിക്കുമെന്നും രാജ്യസഭ സീറ്റിന്റെ കാര്യം സ്റ്റാലിന്‍ തീരുമാനിക്കുമെന്നും പ്രേമലത പറഞ്ഞു. ക്യാപ്റ്റന്‍ അടുത്ത സുഹൃത്തായിരുന്നു എന്നാണ് സ്റ്റാലിന്റെ പ്രതികരണം.

പ്രേമലതയ്ക്ക് ഡിഎംകെ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായാണ് അറിയുന്നത്.