21
Feb 2026
Sat
21 Feb 2026 Sat
kerala brandy minnal magic

പാലക്കാട്: മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാന്‍ഡിയുടെ പേര് ‘മിന്നല്‍ മാജിക്’. നേരത്തെ നിശ്ചയിച്ചിരുന്ന മലബാര്‍ മിസ്റ്ററി എന്ന പേര് മാറ്റിയാണ് ബെവ്‌കോയുടെ തീരുമാനം. പാലക്കാട് നടക്കുന്ന നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ എക്‌സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് മേനോന്‍ പാറയിലാണ് ബ്രാന്‍ഡിയുടെ ഉത്പാദനം നടത്തുന്നത്. ഒരു മാസത്തിനകം മിന്നല്‍ മാജിക് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെത്തും. 13,500 കെയ്‌സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റര്‍ കുപ്പിയിലാണ് ഉത്പാദനം. 400 രുപയായിരിക്കും വിലയെന്നാണു സൂചന. നിലവില്‍ സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്നത് ജവാന്‍ റം മാത്രമാണ്.

ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയില്‍ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും.

നേരത്തെ പൊതുജനങ്ങളില്‍ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാന്‍ഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നല്‍കുമെന്നും നേരത്തെ ബെവ്‌കോ എംഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.

മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കേസില്‍ അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പുതിയ ബ്രാന്‍ഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്ന നടപടിയും സ്വീകരിച്ചു. പരസ്യം വിവാദമായതോടെ ബെവ്‌കോ ഇങ്ങനെയൊരു പരസ്യമേ നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കി.