കാണാതായ ബിസിനസുകാരന്റെ തലയില്ലാത്ത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ മകനായ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ല്ഖ്‌നൗവിലാണ് സംഭവം. മരുന്ന്, മദ്യ വില്‍പ്പനക്കാരനായ മാനവേന്ദ്ര സിങ് ആണ് കൊല്ലപ്പെട്ടത്. മകനായ അക്ഷത് പ്രതാപ് സിങ് അച്ഛനെ കൊന്ന് കൈകളും കാലുകളും തലയും വെട്ടിമാറ്റുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
|
സ്ലീപ്പിങ് ബാഗില്‍ മൃതദേഹഭാഗങ്ങള്‍ ഒളിപ്പിച്ച ശേഷം ഇത് പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളില്‍ അടയ്ക്കുകയായിരുന്നു. മൃതദേഹം കത്തിച്ചുകളയാനായി 10 ലിറ്റര്‍ മണ്ണെണ്ണയും ഇയാള്‍ വാങ്ങിവച്ചതായി പോലീസ് കണ്ടെത്തി. കൃത്യത്തിന് സാക്ഷിയായ സഹോദരിയെ വിവരം പുറത്തുപറയരുതെന്ന് അക്ഷത് പ്രതാപ് സിങ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഫെബ്രുവരി 20ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം. മൂന്നാം നിലയില്‍ വച്ച് അച്ഛനെ കൊന്ന അക്ഷത് മൃതദേഹം ഗ്രൗണ്ട് ഫ്‌ളോറിലെ ആളൊഴിഞ്ഞ മുറിയിലെത്തിച്ച് യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പോലീസ് സ്‌റ്റേഷനിലെത്തി അച്ഛനെ കാണാനില്ലെന്ന പരാതിയും അക്ഷത് കൊടുത്തിരുന്നു.
അക്ഷതിനെ ഡോക്ടറാക്കണമെന്നായിരുന്നു മാനവേന്ദ്രയുടെ ആഗ്രഹം. എന്നാല്‍ പഠനത്തില്‍ പിന്നാക്കമായിരുന്ന അക്ഷത് ഇടയ്ക്ക് വീടുവിട്ടുപോവുകയുണ്ടായി. തിരികെ വന്നപ്പോള്‍ വീണ്ടും വഴക്കായി. തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.


